കപ്പിനും ചുണ്ടിനും ഇടയില്‍... മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി; മൊഹ്‌സീന്‍ ഖാന്‍ പൊളിച്ചടുക്കി

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ടീമിന് കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിട്ടും മത്സരം വിജയിക്കാനായില്ല.

author-image
Web Desk
New Update
കപ്പിനും ചുണ്ടിനും ഇടയില്‍... മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി; മൊഹ്‌സീന്‍ ഖാന്‍ പൊളിച്ചടുക്കി

ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ടീമിന് കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിട്ടും മത്സരം വിജയിക്കാനായില്ല. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കാന്‍ മുംബൈ ടീമിന് വേണ്ടിയിരുന്നപ്പോള്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത പേസര്‍ മൊഹ്‌സീന്‍ ഖാനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഞ്ച് റണ്ണിന്റെ ത്രില്ലര്‍ ജയമുറപ്പിച്ചത്.

മറുപടി ബാറ്റിംഗില്‍ ഇഷാന്‍ കിഷന്‍-രോഹിത് ശര്‍മ്മ സഖ്യം ഗംഭീര തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. തകര്‍ത്തടിച്ച ഇരുവരും പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 58ലെത്തിച്ചു. 10-ാം ഓവറിലെ നാലാം പന്തില്‍ രവി ബിഷ്ണോയി രോഹിത്തിനെ(25 പന്തില്‍ 37) ഹൂഡയുടെ കൈകളിലെത്തിച്ച് 90 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിച്ചു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ ഇഷാന്‍ കിഷനേയും(39 പന്തില്‍ 59) ബിഷ്‌ണോയി മടക്കി. 15-ാം ഓവറിലെ ആദ്യ പന്തില്‍ യഷ് താക്കൂറിനെ പതിവ് ശൈലിയില്‍ സ്‌കൂപ്പ് കളിക്കാന്‍ ശ്രമിച്ച സൂര്യകുമാര്‍ യാദവിന്റെ(9 പന്തില്‍ 7) സ്റ്റംപ് തെറിച്ചത് മുംബൈക്ക് പ്രഹരമായി. 16 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ 131-3. അവസാന 24 പന്തില്‍ ജയിക്കാന്‍ 47 റണ്‍സ്.

17-ാം ഓവറിലെ ആദ്യ പന്തില്‍ നെഹാല്‍ വധേരയെ(12 പന്തില്‍ 16) മടക്കി മൊഹ്‌സീന്‍ ഖാന്‍ തിരിച്ചുവന്നു. ഇതോടെ മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ ഇംപാക്ട് പ്ലെയറായി ഇറക്കി. എന്നാല്‍ യഷിനെ സിക്‌സറിന് പറത്താന്‍ ശ്രമിച്ച വിഷ്ണു(4 പന്തില്‍ 2) അതിര്‍ത്തിയില്‍ നിക്കോളാസ് പുരാന്റെ ക്യാച്ചില്‍ പുറത്തായി. 19-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെതിരെ 19 റണ്‍സ് നേടിയതോടെ അവസാന ആറ് പന്തില്‍ മുംബൈക്ക് ജയിക്കാന്‍ 11 റണ്‍സ്. എന്നാല്‍ മൊഹ്‌സീന്‍ ഖാന്റെ പേസ് കൃത്യതയ്ക്ക് മുന്നില്‍ കാമറൂണ്‍ ഗ്രീനിനും ടിം ഡേവിഡിനും മത്സരം ജയിപ്പിക്കാനായില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ക്രുനാല്‍ പാണ്ഡ്യ-മാര്‍ക്കസ് സ്റ്റോയിനിസ് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലെത്തുകയായിരുന്നു. ഓപ്പണര്‍മാരായ ദീപക് ഹൂഡ അഞ്ചിനും ക്വിന്റണ്‍ ഡികോക്ക് 16നും മൂന്നാമന്‍ പ്രേരക് മങ്കാദ് ഗോള്‍ഡന്‍ ഡക്കായും പുറത്തായി. അര്‍ധസെഞ്ചുറിക്ക് ശേഷം ഏകനാ സ്റ്റേഡിയത്തില്‍ ആളിപ്പടര്‍ന്ന മാര്‍ക്കസ് സ്റ്റോയിനിസ് 47 പന്തില്‍ 89* റണ്‍സുമായി പുറത്താവാതെ നിന്നു. നാല് ഫോറും എട്ട് സിക്സും സ്റ്റോയിനിസ് പറത്തി. 12-2 എന്ന അവസ്ഥയില്‍ നിന്നാണ് ലഖ്നൗവിനെ മികച്ച സ്‌കോറിലേക്ക് സ്റ്റോയിനിസ് എത്തിച്ചത്. 42 പന്തില്‍ 49 റണ്‍സെടുത്ത് റിട്ടയഡ് ഹര്‍ട്ടായ നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഇന്നിംഗ്സും നിര്‍ണായകമായി.

17-ാം ഓവറിന്റെ തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്ന് ക്രുനാല്‍ പാണ്ഡ്യ കളംവിട്ടതോടെ നിക്കോളാസ് പുരാന്‍ ക്രീസിലെത്തി. എല്‍ബിയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സിക്സോടെ 36 പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു. 18-ാം ഓവറില്‍ ക്രിസ് ജോര്‍ദാനെ 24 റണ്‍സിനും 19-ാം ഓവറില്‍ ജേസന്‍ ബെഹ്റെന്‍ഡോര്‍ഫിനെ 19 റണ്ണിനും സ്റ്റോയിനിസ് ശിക്ഷിച്ചു. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സോടെ സ്റ്റോയിനിസ് ഫിനിഷ് ചെയ്തു. സ്റ്റോയിനിസിനൊപ്പം എട്ട് പന്തില്‍ 8* റണ്‍സുമായി നിക്കോളാസ് പുരാന്‍ പുറത്താവാതെ നിന്നു. മുംബൈ ബൗളര്‍മാരില്‍ നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത ക്രിസ് ജോര്‍ദാനാണ് ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്.

cricket IPL 2023