/kalakaumudi/media/post_banners/199c98f4918032f5f6b7fcaec9f014e49e30546877a30dc84c2ecfc4dd2e7d04.jpg)
ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും തിലക് വര്‍മയുടെ തീപ്പൊരി ബാറ്റിംഗിന്റെയും കരുത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
രോഹിത് 45 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 29 പന്തില്‍ 41 റണ്‍സെടുത്തു. രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് തുറന്ന ഇഷാന്‍ കിഷന്‍ 26 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. അതേ സമയം സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി.
മൂന്ന് കളികളില്‍ മുംബൈയുടെ ആദ്യ ജയവും ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയുമാണിത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 173-4.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടി തിളങ്ങിയെങ്കിലും ക്യാപ്റ്റന്റെ ടെസ്റ്റ് സ്റ്റൈല്‍ കളി ഡല്‍ഹിയെ 19.4 ഓവറില്‍ 172ല്‍ ഒതുക്കി.
ഓപ്പണറായി ഇറങ്ങി 43 പന്തില്‍ അര്‍ധസഞ്ചുറി തികച്ച വാര്‍ണര്‍ 47 പന്തില്‍ 51 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായപ്പോള്‍ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തില്‍ 54 റണ്‍സടിച്ച അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് മാന്യമായ സ്‌കോര്‍ ഉറപ്പാക്കിയത്.
പൃഥ്വി ഷായും ഡല്‍ഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ പതിമൂന്നാം ഓവറില്‍ 98-5ലേക്ക് തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അക്ഷര്‍ ആണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
22 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് അക്ഷര്‍ അര്‍ധസെഞ്ചുറി തികച്ചത്.മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.