ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍; മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടം.

author-image
Web Desk
New Update
ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍; മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

 

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. വാംഖഡെ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒന്നിന് 60 എന്ന നിലയിലാണ് മുംബൈ. രോഹിത് ശര്‍മ (30), കാമറൂണ്‍ ഗ്രീന്‍ (15) എന്നിവരാണ് ക്രീസില്‍. ഇഷാന്‍ കിഷന്റെ (14) വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ കരുത്തിലാണ് 200 റണ്‍സ് നേടിയത്. നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്. ഹൈദരാബാദിനെതിരെ തോല്‍പ്പിച്ചാല്‍ മാത്രം മുംബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം.

മൂന്നാം ഓവറിന്റെ അവസാന പന്തിലാണ് ഇഷാന്‍ മടങ്ങുന്നത്. ഓരോ സിക്സും ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ ഭുവനേശ്വറിന്റെ സ്ലോബോളില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി. അഞ്ചാം ഓവറില്‍ രോഹിത് നല്‍കിയ അവസരം ഹൈദരാബാദ് ഫീല്‍ഡര്‍ വിട്ടുകളഞ്ഞു. വാംഖഡെ സ്റ്റേഡിയത്തില്‍ ഗംഭീര തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിവ്രാന്ദ്- മായങ്ക് സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ 14-ാ ഓവറില്‍ വിവ്രാന്ദിനെ പുറത്താക്കി ആകാശ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിവ്രാന്ദിന്റെ ഇന്നിംഗ്സ്. മൂന്നാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം മായങ്കും മടങ്ങി. നാല് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്സ്. ക്ലാസന്‍ (18), ഗ്ലെന്‍ ഫിലിപ്സ് (1), ഹാരി ബ്രൂക്ക് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (13), സന്‍വീര്‍ സിംഗ് (4) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

 

IPL 2023 cricket. mumbai hyderabad