രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിങ്‌സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിങ്‌സിന് രണ്ടാം വിജയം.

author-image
Web Desk
New Update
രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിങ്‌സ്

 

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിങ്‌സിന് രണ്ടാം വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ നാലു പോയിന്റുമായി പഞ്ചാബ് പട്ടികയില്‍ രണ്ടാമതെത്തി.

25 പന്തില്‍ 42 റണ്‍സെടുത്തു പുറത്തായ ക്യാപ്റ്റന്‍ സഞ്ജു സാംസണാണു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. തകര്‍പ്പന്‍ ബൗണ്ടറികളുമായി തിളങ്ങിയ സഞ്ജു സാംസണ്‍ അഞ്ച് ഫോറുകളും ഒരു സിക്‌സുമാണു നേടിയത്. സ്‌കോര്‍ 91 ല്‍ നില്‍ക്കെ എലിസിന്റെ പന്തില്‍ പകരക്കാരനായിറങ്ങിയ ഷോര്‍ട്ടിന്റെ ക്യാച്ചില്‍ സഞ്ജു പുറത്തായി.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ധ്രുവ് ജുറേലും ഷിംറോണ്‍ ഹെറ്റ്മിയറും നടത്തിയ പോരാട്ടമാണ് മത്സരം അവസാന ഓവര്‍ വരെയെത്തിച്ചത്. അവസാന ഓവറില്‍ ഹെറ്റ്മിയര്‍ റണ്ണൗട്ടായത് രാജസ്ഥാനു തിരിച്ചടിയായി. യുവതാരം ധ്രുവ് ജുറേല്‍ 15 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് പഞ്ചാബിനായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. ശിഖര്‍ ധവാനും പ്രഭ്‌സിമ്രന്‍ സിങ്ങും അര്‍ധ സെഞ്ചറി നേടി. 56 പന്തുകള്‍ നേരിട്ട ശിഖര്‍ ധവാന്‍ 86 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ഒന്‍പതു ഫോറുമാണു ധവാന്‍ അടിച്ചെടുത്തത്. 34 പന്തുകള്‍ നേരിട്ട പ്രഭ്‌സിമ്രന്‍ 60 റണ്‍സെടുത്താണു പുറത്തായത്.

 

IPL 2023 rajastan punjab