രാജസ്ഥാനെ അടിച്ചുപറത്തി; റെക്കോഡിട്ട് സാം കറന്‍-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട്!

അഹമ്മദാബാദില്‍ 2021ല്‍ ആര്‍സിബിക്കെതിരെ കെ എല്‍ രാഹുലും ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് പുറത്താവാതെ നേടിയ 61* ആയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.

author-image
Web Desk
New Update
രാജസ്ഥാനെ അടിച്ചുപറത്തി; റെക്കോഡിട്ട് സാം കറന്‍-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട്!

ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്‌കോര്‍. ആറാം വിക്കറ്റിലെ സാം കറന്‍-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുറത്താവാതെ 37 പന്തില്‍ 73 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. അതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ് ശക്തമായ നിലയില്‍ എത്തിയത്.

ഒരു റെക്കോര്‍ഡ് ഇരുവരുടേയും പേരില്‍ എഴുതപ്പെട്ടു. പഞ്ചാബ് കിംഗ്സിന്റെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. അഹമ്മദാബാദില്‍ 2021ല്‍ ആര്‍സിബിക്കെതിരെ കെ എല്‍ രാഹുലും ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് പുറത്താവാതെ നേടിയ 61* ആയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.

ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ (2 പന്തില്‍ 2) നഷ്ടമായി. ഇതിന് ശേഷം സാം കറന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍ എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിന് കരുത്തായത്. നായകനും മറ്റൊരു ഓപ്പണറുമായ ശിഖര്‍ ധവാന്‍ 12 പന്തില്‍ 17 ഉം മൂന്നാമന്‍ അഥര്‍വ ടൈഡെ 12 ബോളില്‍ 19 ഉം റണ്‍സുമായി പുറത്തായി.

ലിയാം ലിംവിംഗ്സ്റ്റണ് 13 പന്തില്‍ 9 റണ്‍സുമായി മടങ്ങേണ്ടിവന്നു. ഇതിന് ശേഷം ജിതേഷ് ശര്‍മ്മ 28 പന്തില്‍ 44 ഉം സാം കറന്‍ 31 ബോളില്‍ 49* ഉം ഷാരൂഖ് ഖാന്‍ 23 പന്തില്‍ 41* ഉം റണ്‍സ് അടിച്ചുകൂട്ടി.

ഇന്നിംഗ്‌സിലെ 18 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 141-5 എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്സ്. എന്നാല്‍ അവസാന രണ്ട് ഓവറില്‍ തകര്‍ത്തടിച്ച കറനും ഷാരൂഖും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ സ്‌കോര്‍ 187ലെത്തിച്ചു. യുസ്വേന്ദ്ര ചാഹലിനെതിരെ 19-ാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പടെ 28 റണ്‍സും 20-ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനെതിരെ ഒരു സിക്സും രണ്ട് ഫോറും സഹിതം 18 റണ്‍സും ഇരുവരും അടിച്ചുകൂട്ടി.

രാജസ്ഥാനായി നവ്ദീപ് സെയ്നി മൂന്നും ബോള്‍ട്ടും ചാഹലും ഓരോ വിക്കറ്റും വീഴ്ത്തി.

cricket IPL 2023