/kalakaumudi/media/post_banners/a857b7b86f55e1b93dc9025140e44035ecc404f1e470f6adfb8837e9ac00a603.jpg)
ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ ഫീല്‍. ഐപിഎല്ലിന്റെ യഥാര്‍ത്ഥ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന മത്സരം. തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലിംഗ് എക്‌സ്പീരിയന്‍സ്. കഴിഞ്ഞ ദിവസത്തെ കൊല്‍ക്കത്ത-ഗുജറാത്ത് മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് അപൂര്‍വ വിരുന്നായി. ഒരു പക്ഷേ, ഇനിയും അപൂര്‍വമായി മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള അനുഭവമാണ് മത്സരം സമ്മാനിച്ചത്.
റിങ്കു സിംഗ് എന്ന താരം എത്ര പെട്ടെന്നാണ് ഐപിഎല്ലിലെ സൂപ്പര്‍ താരമായി ഉയര്‍ന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സ്. അവശേഷിക്കുന്നത് വെറും അഞ്ചു ബോളുകള്‍! ഗുജറാത്തിന്റെ വിജയം ഉറപ്പിച്ച നിമിഷം. എന്നാല്‍, ഭാഗ്യം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ഭാഗ്യം മാത്രമല്ല, റിങ്കു സിംഗ് എന്ന ഫൈറ്ററിന്റെ നിശ്ചയദാര്‍ഢ്യം കൂടിയായപ്പോള്‍ മത്സരത്തിന്റെ തലവര മാറി.
തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്സറിന് പറത്തി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് വിജയിപ്പിക്കുകയായിരുന്നു റിങ്കു സിംഗ്.
ആ ഓരോ സിക്സും എനിക്കായി ത്യാഗം ചെയ്ത എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു എന്നാണ് വെടിക്കെട്ടിന് ശേഷം റിങ്കു സിംഗ് പറഞ്ഞത്. എന്റെ അച്ഛന്‍ ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തിട്ടുണ്ട്. ഞാനൊരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഗ്രൗണ്ടിന് പുറത്തേക്കടിച്ച ഓരോ പന്തും എനിക്കായി ത്യാഗം ത്യജിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. റിങ്കു സിംഗിന്റെ കണ്ണീര്‍ നനവുള്ള വാക്കുകള്‍!
ഐപിഎല്ലില്‍ മുമ്പ് ക്രിസ് ഗെയ്ല്‍, രാഹുല്‍ തെവാട്ടിയ, രവീന്ദ്ര ജഡേജ, മാര്‍ക്കസ് സ്റ്റോയിനിസ്-ജേസന്‍ ഹോള്‍ഡര്‍ സഖ്യം എന്നിവര്‍ മാത്രമെ ഒരോവറില്‍ അഞ്ച് സിക്സുകള്‍ നേടിയിട്ടുള്ളൂ.
2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ഹാട്രിക്കും കഴിഞ്ഞ ദിവസം പിറന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ക്യാപിറ്റല്‍സിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ആണ് ഹാട്രിക്ക് നേടി. റാഷിദിന്റെ ആദ്യ ഐ.പി.എല്‍ ഹാട്രിക്ക് കൂടിയാണിത്.
17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റെടുത്താണ് റാഷിദ് ചരിത്രം കുറിച്ചത്. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് റാഷിദ് ഹാട്രിക്ക് തികച്ചത്.
പതിവിന് വിപരീതമായി നന്നായി റണ്‍സ് വഴങ്ങിയ റാഷിദ് ആദ്യ മൂന്നോവറില്‍ 35 റണ്‍സാണ് വഴങ്ങിയത്. എന്നാല്‍ താരത്തിന്റെ അവസാന ഓവറില്‍ ഹാട്രിക്കടക്കം വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി റാഷിദ് കഴിവുതെളിയിച്ചു.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ 22-ാം ഹാട്രിക്ക് പ്രകടനമാണിത്. കഴിഞ്ഞ സീസണില്‍ ഒരു ഹാട്രിക്കാണ് പിറന്നത്. യൂസ്വേന്ദ്ര ചാഹലാണ് ഹാട്രിക്ക് നേടിയത്. ഐ.പി.എല്ലില്‍ ആദ്യമായി ഹാട്രിക്ക് നേടിയ താരം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ലക്ഷ്മീപതി ബാലാജിയാണ്.