ഒന്നാം സ്ഥാനത്തിനായി ബ്ലാസ്റ്റേഴ്സ് ;എതിരാളികൾ മോഹൻ ബഗാൻ, വിജയ പ്രതീക്ഷയിൽ ആരാധകർ

ബ്ലാസ്റ്റേഴ്സും മോഹൻ ബ​ഗാനും നേർക്കുനേർ എത്തിയ ആറു മത്സരങ്ങളിൽ അഞ്ചിലും ജയം മോഹൻ ബ​ഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ ആയത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്. ബഗാൻ 17 ഗോളടിച്ചപ്പോൾ, ബ്ലാസ്റ്റേഴ്‌സ് 9 എണ്ണം മാത്രമാണ് നേടിയത്.

author-image
Greeshma Rakesh
New Update
ഒന്നാം സ്ഥാനത്തിനായി ബ്ലാസ്റ്റേഴ്സ് ;എതിരാളികൾ മോഹൻ ബഗാൻ, വിജയ പ്രതീക്ഷയിൽ ആരാധകർ

 

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസിനെതിരെയാണ് ബുധനാഴ്ച ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.മുംബൈയ്ക്കെതിരായ തകർപ്പൻ ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്.കരുത്തരായ രണ്ടു ടീമുകളാണ് വിജയത്തിനായി കളത്തിലിറങ്ങുന്നത്.

എന്നാൽ തുടർച്ചയായ മൂന്നാം തോൽവി ഒഴിവാക്കാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ശ്രമിക്കുക.അതെസമയം മോഹൻ ബഗാനെതിരെ ഇതുവരെ വിജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടെയുള്ള ബ്ലാസ്റ്റേഴ്സിന് വിജയമല്ലാതെ മറ്റൊരു ലക്ഷ്യമില്ല.ബ്ലാസ്റ്റേഴ്സ് ടീമിൽ ഒരു മാറ്റത്തിന് സാധ്യത.

പരിക്കേറ്റ വിബിൻ മോഹന് പകരം മുഹമ്മദ് അസർ ആദ്യ ഇലവനിൽ എത്തിയേക്കും.മഞ്ഞപ്പടയുടെ സ്വന്തം മ‍ജീഷ്യൻ ലൂണയുടെ അഭാവത്തിൽ മുംബൈക്കെതിരെ ഗോളും അസിസ്റ്റുമായി തിളങ്ങിയ ദിമിത്രിയോസും ക്വാമി പെപ്രയും കൂടുതൽ കരുത്തോടെ കളിക്കളത്തിൽ ഉണ്ടാകും.ഒപ്പം മറ്റു താരങ്ങളും.

ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം സഹൽ അബ്ദുൾ സമദാണ് ബഗാന്റെ മധ്യനിരയുടെ കരുത്ത്. ഹ്യൂഗോ ബോമസ്, അനിരുധ് ഥാപ്പ, ദിമിത്രി പെട്രാറ്റോസ്,ജേസൺ കമ്മിങ്‌സ് എന്നിവരും മോഹൻബഗാന് കരുത്ത് നൽകുന്നു. എന്നാൽ ആദ്യ ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയിരുന്ന ബഗാന് തുടരെ രണ്ട് കളികളിൽ കാലിടറി. എവേഗ്രൗണ്ടിൽ മുംബൈയോടും സ്വന്തം തട്ടകത്തിൽ ഗോവയോടുമാണ് മോഹൻ ബഗാൻ പരാജയം ഏറ്റുവാങ്ങിയത്.

ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും നേർക്കുനേർ എത്തിയ ആറു മത്സരങ്ങളിൽ അഞ്ചിലും ജയം മോഹൻ ബഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ ആയത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്. ബഗാൻ 17 ഗോളടിച്ചപ്പോൾ, ബ്ലാസ്റ്റേഴ്‌സ് 9 എണ്ണം മാത്രമാണ് നേടിയത്.

Kerala Blasters isl football mohun bagan sg