പോക്കറ്റ് മണിയായി മാസം എഴുപത് രൂപ; ബാപ്പ മുഹമ്മദ് ഗൗസ്, ക്രിക്കറ്റിലെ സിറാജിന്റെ ആദ്യ സ്‌പോണ്‍സര്‍!

By Web Desk.18 09 2023

imran-azhar

 

 


ഷിബു ഗോപാലകൃഷ്ണന്‍

 


ഹൈദരാബാദില്‍ ടെന്നീസ് ബോളില്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ടു നടക്കുമ്പോള്‍ സിറാജിനെ രാജ്യത്തിനു വേണ്ടി കളിക്കുന്നതിനെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത് ബാപ്പ മുഹമ്മദ് ഗൗസ് ആയിരുന്നു. ഉമ്മ അറിയാതെ കളിക്കാന്‍ പോകാനും പഠിക്കാതെ പന്തെറിയാനും കൂട്ടുനിന്നത് ബാപ്പ ആയിരുന്നു.
മാസം എഴുപതു രൂപ പോക്കറ്റ് മണിയായി നല്‍കിയ ബാപ്പയായിരുന്നു ക്രിക്കറ്റിലെ സിറാജിന്റെ ആദ്യത്തെ സ്പോണ്‍സര്‍.

 

ഹൈദരാബാദ് നഗരത്തിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ മകനുവേണ്ടി മാറ്റിവച്ച ആ എഴുപതു രൂപയുടെ സാക്ഷാത്കാരമാണ് ഞായറാഴ്ച രാജ്യത്തിന്റെ കൈകളിലേക്ക് ഏഷ്യാകപ്പ് എത്തിച്ചത്. ഒരോവറില്‍ നാലുവിക്കറ്റു നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കളിക്കാരനായി സിറാജ് മാറുമ്പോള്‍ ഈ രാജ്യത്തിന്റെ കുപ്പായത്തില്‍ മകന്‍ പന്തെറിയുന്നത് കാണാന്‍ ആഗ്രഹിച്ച ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വിയര്‍പ്പും അതില്‍ കുതിര്‍ന്നിരിക്കുന്നു.

 

രണ്ടു വര്‍ഷം മുന്‍പ് ഗാബയില്‍ മൂന്നുപതിറ്റാണ്ടിന്റെ കണക്കു തീര്‍ക്കാന്‍ ഓസ്ട്രേലിയക്കെതിരെ പന്തെറിയാനായി പവലിയനില്‍ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഗൗസ് മരിക്കുന്നത്. നാട്ടിലേക്കു മടങ്ങാനാവാതെ സിറാജ് ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യത്തെ പന്തെറിയാനായി കാത്തുനിന്നു.

 

അഞ്ചു വിക്കറ്റിന്റെ മിന്നുന്ന മികവില്‍ ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തെ അന്നു സിറാജ് എറിഞ്ഞിട്ടപ്പോള്‍ സാക്ഷാത്കരിച്ചത് ബാപ്പയുടെ സ്വപ്നം കൂടിയായിരുന്നു. കന്നി ടെസ്റ്റിന് വേണ്ടി ഇന്ത്യന്‍ കുപ്പായമണിഞ്ഞു നില്‍ക്കുമ്പോള്‍ ദേശീയഗാനത്തിനൊപ്പം സിറാജിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 

ഏഷ്യാകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചിനു കിട്ടിയ സമ്മാനത്തുക മഴയിലും ഈ ടൂര്‍ണമെന്റ് സാധ്യമാക്കിയ ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫിനു സിറാജ് സമര്‍പ്പിക്കുമ്പോള്‍ മുഹമ്മദ് ഗൗസെന്ന ഒരു പഴയ ഓട്ടോ ഡ്രൈവറും മാസാമാസം അയാള്‍ സിറാജിനു നല്‍കിയ എഴുപതു രൂപയും ലൈനും ലെങ്തും തെറ്റാത്ത കൃത്യതയുള്ള ഒരു പന്തുപോലെ മൂളിപ്പാഞ്ഞു വന്നു.

 

 

OTHER SECTIONS