By priya.07 06 2023
റിയാദ്: ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സേമ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഇത്തിഹാദില്‍. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്. റയല്‍ മാഡ്രിഡിലെ 14 വര്‍ഷത്തെ ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചാണ് ബെന്‍സമേ സൗദിയിലേക്ക് ചേക്കേറുന്നത്.
റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ രണ്ടാമനാണ് ബെന്‍സേമ. 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവുമാണ് താരം. റയലിലെ മുന്‍ സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗില്‍ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്.
നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് കരീം ബെന്‍സേമ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്.
ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009 ലാണ് കരീം ബെന്‍സേമ റയല്‍ മാഡ്രിഡിലേക്ക് വരുന്നത്. സ്പാനിഷ് ക്ലബില്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.
റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ ക്ലബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി.
അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലീഗയും മൂന്ന് കോപ്പ ഡെല്‍ റേയും നാല് സ്പാനിഷ് സൂപ്പര്‍ കോപ്പകളും നാല് യുവേഫ സൂപ്പര്‍ കപ്പും അഞ്ച് ഫിഫ ക്ലബ് ലോകകപ്പും കരീം ബെന്‍സേമയുടെ കരിയറിന് തിളക്കം നല്‍കുന്നു.
2022ല്‍ റയല്‍ കുപ്പായത്തില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടി.ഈ സീസണില്‍ റയലിനായി എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 42 മത്സരം കളിച്ച താരം 31 ഗോളും ആറ് അസിസ്റ്റും പേരിലാക്കിയിരുന്നു.
25 കിരീടങ്ങളുമായി റയലില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുള്ള താരങ്ങളില്‍ മാര്‍സലോയ്ക്കൊപ്പമാണ് ബെന്‍സേമ സ്ഥാനം പിടിച്ചിരിക്കുന്നത്.