ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ കാര്യവട്ടത്തെ തഴഞ്ഞതല്ല; കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മൈതാനത്തില്‍ ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തത് സ്‌റ്റേഡിയത്തിലെ പരിമിതി കാരണമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

author-image
Lekshmi
New Update
ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ കാര്യവട്ടത്തെ തഴഞ്ഞതല്ല; കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്

തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ പേരില്ലാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മൈതാനത്തില്‍ ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തത് സ്‌റ്റേഡിയത്തിലെ പരിമിതി കാരണമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി. വി ഐ പി ബോക്‌സില്‍ ആവശ്യത്തിന് സീറ്റുകളില്ലാത്തത് തിരിച്ചടിയായി. തിരുവനന്തപുരത്തെ തഴഞ്ഞതല്ല, സന്നാഹമത്സരങ്ങള്‍ക്ക് അടക്കമുള്ള 12 വേദികളില്‍ ഒന്നായി പരിഗണിക്കുകയായിരുന്നു. വിഷയത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും ജയേഷ് ജോര്‍ജ് കൂട്ടിചേര്‍ത്തു.

പ്രധാന മത്സരങ്ങള്‍ക്ക് പകരം ലോകകപ്പിന് മുന്നോടിയായുള്ള നാല് വാംഅപ് മത്സരമാണ് തിരുവനന്തപുരത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വാംഅപ് മത്സരങ്ങള്‍ ലഭിച്ചത് തന്നെ വലിയ നേട്ടമാണെന്നും മികച്ച മത്സരങ്ങള്‍ തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നതായുമായാണ് കെസിഎ കണക്കാക്കുന്നത്.

അഞ്ച് ദിവസങ്ങളിലായി നാല് മത്സരങ്ങളാണ് ലോകകപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് നടത്താന്‍ പോകുന്നത്. ഇത് ഇവിടെ ആദ്യമാണ്. സ്വന്തം സ്‌റ്റേഡിയത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ കാണികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ബി സി സി ഐയുമായി ആലോചിച്ച് ടിക്കറ്റ് നിരക്കുകള്‍ തീരുമാനിക്കും. തിരുവനന്തപുരത്ത് ഇന്ത്യന്‍ ടീം എത്തുമെന്നാണ് പ്രതീക്ഷ. ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ മത്സരമൊക്കെ ഉള്ളതിനാല്‍ പരിശീലന മത്സരങ്ങള്‍ ആവേശമാകും എന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

jayesh george kca president kariyavattom