മറക്കാനാകുമോ ആ വിവാദ ​ഗോൾ? പ്രതികാരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്, പ്രതിരോധിക്കാൻ ബെംഗളൂരുവും

ഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിനെതിരായ വിജയം തുടരാൻ ബെം​ഗളൂരു കളിക്കളത്തിൽ ഇറങ്ങുമ്പോൾ വിവാദ ​ഗോളിന് മറുപടി നൽകുക എന്ന ലക്ഷ്യമായിരിക്കും കേരളത്തിന്റെ കൊമ്പന്മാർക്ക്

author-image
Greeshma Rakesh
New Update
മറക്കാനാകുമോ ആ വിവാദ ​ഗോൾ? പ്രതികാരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്, പ്രതിരോധിക്കാൻ  ബെംഗളൂരുവും

 

കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ബെംഗളൂരു -കേരള ബ്ലാസ്റ്റേഴ്സ്  ടീമുകൾക്കും ആരാധകർക്കും അത്രപ്പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. മത്സരത്തിന് മുമ്പും ശേഷവും ആരാധകരും ടീമുകളും സാക്ഷ്യം വഹിച്ചത് ചില നാടകീയരംഗങ്ങൾക്കായിരുന്നു.പറഞ്ഞുവരുന്നത് കഴിഞ്ഞ വർഷം മാർച്ച് 3ന് ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ട്  മത്സരത്തെ കുറിച്ചാണ്.

എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 96–ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് അന്ന് വൻ വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ‌ ഒരുങ്ങുന്നതിനു മുൻപേ ഛേത്രി ഫ്രീകിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺസാകട്ടെ ആ ഗോൾ അനുവദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളിക്കാരെ തിരികെ വിളിക്കുകയും ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിടുകയും ചെയ്തിരുന്നു.

തുടർന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും മത്സരവിലക്കും പിഴയും ഉൾപ്പെടെ അച്ചടക്കനടപടികൾക്ക് ബ്ലാസ്റ്റേഴ്സ് ടീം വിധേയരാകുകയും ചെയ്തിരുന്നു.മത്സരത്തിന് പിന്നാലെ ചിലർ ചിരിച്ചു. ചിലർ കരഞ്ഞു.സ്റ്റേഡിയത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പേരും നിശ്ശബ്ദരായി. ഛേത്രിയുടെ ഗോളിൽ വിജയിച്ച ബെംഗളൂരുവും ആരാധകർ ആഹ്ലാദിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകൻ ഇവാൻ വുക്കോമനോവിച്ചും നിരാശയോടെ കളംവിട്ടത് മഞ്ഞപ്പടയും മറന്നിട്ടില്ല.

ഇപ്പോഴിതാ ഐഎസ്എൽ 10–ാം സീസണി‍ൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ രണ്ടാം മത്സരത്തിനു മുൻപായി ബെംഗളൂരു എഫ്സിയുടെ റീലിൽ നിറയുന്നതും സ്റ്റേഴ്സിനെ ചൊടിപ്പിച്ച  മുൻ സീസൺ പ്ലേ ഓഫ് മത്സരം തന്നെയാണ്. പിന്നാലെ  കുറിക്കുകൊള്ളുന്ന മറുപടിയുമായി ബ്ലാസ്റ്റേഴ്സും രംഗത്തെത്തി.

‘നിലയും വിലയും സൂത്രത്തിൽ ഉണ്ടാക്കുകയല്ല, സ്വയം ഉണ്ടാകണമെന്ന’ മമ്മൂട്ടിയുടെ കനപ്പെട്ട ഡയലോഗിന്റെ മുന വച്ച വിഡിയോയാണ് ബ്ലാസ്റ്റേഴ്സ് പങ്കുവച്ചിരിക്കുന്നത്. നാളെ ബെംഗളൂരുവിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മത്സരത്തിനു മുൻപു സമൂഹമാധ്യമങ്ങളിൽ പോരാട്ടം തുടങ്ങിക്കഴി‍ഞ്ഞു.   

അന്നത്തെ മത്സരത്തിനു ശേഷം കോച്ച് ഇവാൻ ആദ്യമായാണു ബെംഗളൂരുവിനെ നേരിടാനെത്തുന്നതെന്ന പ്രത്യേകതയും ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനുണ്ട്.

ഈ സീസണിൽ സൂപ്പർ കപ്പിലും ഐഎസ്എൽ ആദ്യ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ കളിച്ചെങ്കിലും വിലക്കു കാരണം ഇവാനു മത്സരം നഷ്ടമായിരുന്നു.കഴിഞ്ഞ കളിയിൽ എഫ്സി ഗോവയ്ക്കെതിരെ നേടിയ അദ്ഭുത വിജയവും സീസണിലെ കൊമ്പന്മാരുടെ തിരിച്ചുവരവും ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ബെംഗളൂരുവിലേക്കു കുതിക്കാനുള്ള കരുത്ത് കൂട്ടിയിട്ടുണ്ട്.ലഭിക്കുന്ന വിവരമനുസരിച്ച് മഞ്ഞപ്പടയുടെ അയ്യായിരത്തിലേറെ ട്രാവലിങ് ഫാൻസ് ശനിയാഴ്ച കളി കാണാനെത്തുമെന്നാണു കണക്കുകൂട്ടൽ.

നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രമാകും ബ്ലാസ്റ്റേഴ്സ് ആരാധക‍ർക്ക് ഇരിപ്പിടമൊരുക്കുക.കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിനെതിരായ വിജയം തുടരാൻ  ബെംഗളൂരു കളിക്കളത്തിൽ ഇറങ്ങുമ്പോൾ വിവാദ ഗോളിന് മറുപടി നൽകുക എന്ന ലക്ഷ്യമായിരിക്കും കേരളത്തിന്റെ കൊമ്പന്മാർക്ക്.

 

Kerala Blasters isl football kerala blasters vs bengaluru fc Manjappada