/kalakaumudi/media/post_banners/f273360b64a53fcaffb4df6b57c453f631c06abc848159a4f10e5bfdce8012f3.jpg)
പാരിസ്: 36 വർഷത്തെ കാത്തിരിപ്പിന് അന്ത്യംകുറിച്ച് അർജന്റീന ലോകകിരീടം സ്വന്തമാക്കിയതിന്റെ ആഘോഷവും ആരവങ്ങളും ഇനിയും അവസാനിച്ചിട്ടില്ല.ഖത്തറിലെ ആ സുവർണനിമിഷത്തിന്റെ ഓർമകളിലാണ് താൻ ഇപ്പോഴും കഴിയുന്നതെന്ന് അടുത്തിടെ സൂപ്പർ താരം ലയണൽ മെസി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ലോകകപ്പ് സംഘത്തിന് മെസി ഗോൾഡൻ ഐഫോൺ 14 സമ്മാനിക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന 35 പേർക്കാണ് മെസി സ്വന്തം പണം ചെലവാക്കി വൻവില വരുന്ന ഐഫോണുകൾ വാങ്ങിനൽകുന്നത്.താരങ്ങൾ, പരിശീലകർ എന്നിവർക്കു പുറമെ ടീമിന്റെ സപ്പോർട്ട് സ്റ്റാഫ് അടക്കം ഒരാളെയും താരം മറന്നില്ല.
ഓരോരുത്തർക്കുമായി പ്രത്യേകമായി തയാറാക്കിയ ഫോണുകളാണ് നൽകിയത്.2,10,000 ഡോളർ(ഏകദേശം 1.73 കോടി രൂപ)യാണ് മൊത്തം ഫോണിനുമായി ചെലവായതെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോർട്ട് ചെയ്തു.കസ്റ്റമൈസ് ചെയ്ത സ്മാർട്ട് ഫോൺ കെയ്‌സുകളടക്കം നിർമിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ 'ഐഡിസൈൻ ഗോൾഡ്' ആണ് മെസിയുടെ നിർദേശപ്രകാരം ഐഫോണുകൾ തയാറാക്കിയത്.
24 കാരറ്റ് സ്വർണംകൊണ്ട് നിർമിച്ച കെയ്‌സുകളാണ് 35 ഐഫോണുകളുടേതും.35ഉം വ്യത്യസ്തമാണ്.താരങ്ങളുടെ പേരും നമ്പറുകളും അടക്കം ഫോണിൽ കൊത്തിവച്ചിട്ടുണ്ട്.ഇതിനു പുറമെ വേൾഡ് കപ്പ് ചാംപ്യൻസ് 2022 എന്നും ടീം ലോഗോയും ചേർത്തിട്ടുണ്ട്.ഫോണുകളുടെ ചിത്രങ്ങള്‍ 'ഐഡിസൈൻഗോൾഡ്' സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇതു തയാറാക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ലോകകിരീടം നേടിയതിന് സഹതാരങ്ങൾക്കും സ്റ്റാഫിനും പാരിതോഷികമായി ലയണൽ മെസിക്കു വേണ്ടി 35 ഗോൾ ഐഫോൺ 14 എത്തിച്ചുനൽകാനായത് അംഗീകാരമാണെന്ന് കമ്പനി കുറിച്ചു.ഫോണുകൾ മെസിയുടെ വീട്ടിൽ എത്തിച്ചിട്ടുണ്ട്.