'വിരമിക്കാന്‍ പറ്റിയ സമയം, പക്ഷേ.....'

ഗുജറാത്തിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് നായകന്‍ എം എസ് ധോണി.

author-image
Priya
New Update
'വിരമിക്കാന്‍ പറ്റിയ സമയം, പക്ഷേ.....'

അഹമ്മദാബാദ്: ഗുജറാത്തിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് നായകന്‍ എം എസ് ധോണി. വിരമിക്കാന്‍ ഏറ്റവും അനുയോജ്യ സമയമാണ്.

ആരാധകര്‍ക്കുവേണ്ടി അടുത്ത സീസണിലും കളിക്കാന്‍ ശ്രമിക്കുമെന്നും ഉടന്‍ വിരമിക്കല്‍ തീരുമാനം ഇല്ലെന്നും സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.

സാഹചര്യങ്ങള്‍വെച്ച് നോക്കുകയാണെങ്കില്‍ ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഏറ്റവും എളുപ്പമുള്ള കാര്യവും എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ്.

എന്നാല്‍ ഈ വര്‍ഷം ഞാന്‍ കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും കാണുമ്പോള്‍ ബുദ്ധിമുട്ടേറിയ കാര്യം അടുത്ത ഒമ്പത് മാസവും കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎല്ലില്‍ കൂടി കളിക്കുക എന്നതാണ്.

എന്നാല്‍ അത് ശാരീരികക്ഷമത അടക്കം മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും ആ തീരുമാനമെടുക്കാന്‍ എനിക്ക് മുന്നില്‍ ഇനിയും ആറോ ഏഴോ മാസമുണ്ട്.

ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനും പിന്തുണക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അടുത്ത സീസണില്‍ കൂടി അവസാനമായി കളിക്കുക എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് അതിനായി ഞാന്‍ കഠിനമായി ശ്രമിക്കും.

 

ജയവും തോല്‍വിയുമൊന്നും അധികം ബാധിക്കാറില്ലെങ്കിലും ഇന്ന് പതിവില്ലാത്ത വിധം വികാരാധീനനായോ എന്ന ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് അത് സ്വാഭാവികമാണെന്നായിരുന്നു ധോണിയുടെ മറുപടി.

എന്റെ കരിറിലെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുകയാണ് ഞാനിപ്പോള്‍. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും കണ്ടപ്പോഴും സ്റ്റേഡിയം മുഴവന്‍ എന്റെ പേര് ഉറക്കെ വിളിച്ചപ്പോഴും അവരെ നോക്കി നിന്ന നിമിഷം തന്റെ കണ്ണ് നിറഞ്ഞിരുന്നുവെന്ന് ധോണി പറഞ്ഞു.

കണ്ണു നിറഞ്ഞ ആ നിമിഷം ഡഗ് ഔട്ടില്‍ കുറച്ചു നേരം ഞാന്‍ നിന്നു. കരിയറിലെ അവസാന നിമിഷങ്ങളാണിത്, ഇത് ഞാന്‍ ആസ്വദിക്കുകയാണ് വേണ്ടതെന്ന് പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു, ചെന്നൈയില്‍ അവസാന മത്സരം കളിച്ചപ്പോഴും അങ്ങനെതന്നെയായിരുന്നു. വീണ്ടും അവിടെയെത്തി കളിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും ധോണി പറഞ്ഞു.

ipl m s dhoni