മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീ​ഗിൽ നിന്ന് പുറത്താകും; സാമ്പത്തിക നിയമങ്ങൾ നിരവധി തവണ ലംഘിച്ചതായി കണ്ടെത്തൽ

By Lekshmi.07 02 2023

imran-azhar

 

 

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കുരുക്കിൽ.സാമ്പത്തിക നിയമങ്ങൾ ക്ലബ് ഒന്നിലധികം തവണ ലംഘിച്ചതായി പ്രീമിയർ ലീഗ് കണ്ടെത്തൽ.2009 മുതൽ 2018 വരെയുള്ള ഒൻപത് വർഷത്തെ കാലയളവിലാണ് ലംഘനങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്.ക്ലബിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടപടിയെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി.നാല് വർഷമായി നടക്കുന്ന അന്വേഷണത്തിനു ശേഷമാണ് ഇപ്പോൾ കുറ്റങ്ങൾ ചുമത്തിയത്.

 

 

 

കളിക്കാരുടെയും മാനേജർമാരുടെയും കരാറുകൾ ഉൾപ്പെടെ 100ലധികം ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രീമിയർ ലീഗ് അവകാശപ്പെടുന്നു.കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതിനെ സംബന്ധിച്ചുള്ള ലീഗിന്റെ നിയമങ്ങള്‍ ലംഘിച്ചെന്നാണ് പ്രീമിയർ ലീഗ് കണ്ടെത്തൽ.ലീഗിന്റെ നിയമപ്രകാരം ക്ലബിന്റെ സ്‌പോണ്‍സര്‍ഷിപ്പടക്കമുള്ള വരുമാനവും ബന്ധപ്പെട്ട കക്ഷികളേയും ചെലവുകളെ സംബന്ധിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.

 

 

 

പരിശീലകനുമായുള്ള കരാറുകളില്‍ പ്രതിഫലത്തിന്റെ മുഴുവന്‍ വിവരങ്ങളും ചേര്‍ക്കേണ്ടതുണ്ട്.ഈ നിയമങ്ങള്‍ ക്ലബ് പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.യുവേഫ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ പാലിക്കുന്നതിലും ക്ലബ് വീഴ്ചവരുത്തിയതായി ആരോപണങ്ങളുണ്ട്.ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ സിറ്റി പാലിക്കുന്നില്ല എന്ന് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിരുന്നു.2018 ഡിസംബറിൽ ആരംഭിച്ച ലീഗിന്റെ അന്വേഷണത്തോട് ക്ലബ് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു.

 

 

 

സിറ്റി പ്രീമിയർ ലീഗ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര കമ്മീഷൻ തീരുമാനിക്കും.ഈ അന്വേഷണത്തിലും കുറ്റം തെളിഞ്ഞാലായിരിക്കും കടുത്ത നടപടികളിലേക്ക് പ്രീമിയർ ലീഗ് കടക്കുക. പോയിന്റ് കിഴിവ് പിഴയായി ലഭിക്കുകയോ അല്ലെങ്കിൽ ലീഗിൽ നിന്ന് ഒഴിവാക്കൽ പോലുള്ള വലിയ നടപടിയോ നേരിടേണ്ടിവരും.എന്നാൽ പ്രീമിയർ ലീഗ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മാഞ്ചെസ്റ്റര്‍ സിറ്റി പ്രതികരിച്ചു.

 

OTHER SECTIONS