മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; മത്സരത്തിന് സൗദി സാക്ഷ്യം വഹിക്കും

ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് സൗദി അറേബ്യ സാക്ഷ്യം വഹിക്കും.

author-image
anu
New Update
മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; മത്സരത്തിന് സൗദി സാക്ഷ്യം വഹിക്കും

 

റിയാദ്: ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് സൗദി അറേബ്യ സാക്ഷ്യം വഹിക്കും. ദ് റിയാദ് സീസണ്‍ കപ്പ് എന്ന മൂന്ന് ടീമുകളുടെ ടൂര്‍ണമെന്റിലാണ് ഇരു താരങ്ങളും മത്സരത്തിന് ഇറങ്ങുന്നത്. മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മയാമിയും ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അല്‍ നസ്റും തമ്മിലുള്ള പോരാട്ടം അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനാണ് നടക്കുക.

റിയാദിലെ കിങ്ഡം അരീനയിലാണു മത്സരങ്ങള്‍. ബ്രസീല്‍ താരം നെയ്മറിന്റെ ക്ലബ്ബായ അല്‍ ഹിലാല്‍ ആണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. ഇന്റര്‍ മയാമി അല്‍ ഹിലാല്‍ പോരാട്ടം ജനുവരി 29നാണ്. സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാര്‍സിലോനയുടെ താരമായിരുന്ന മെസ്സിയും റയല്‍ മഡ്രിഡ് താരമായ ക്രിസ്റ്റ്യാനോയും സ്‌പെയിന്‍ വിട്ടതിനു ശേഷം, പരസ്പരമുള്ള പോരാട്ടങ്ങള്‍ ഓര്‍മകളില്‍ മാത്രമായി.

ഇരുവര്‍ക്കുമുള്ള ആരാധക പിന്തുണയുടെ പശ്ചാത്തലത്തിലാണ് സൗദിയിലെ ടൂര്‍ണമെന്റ്. യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ ആദ്യത്തെ രാജ്യാന്തര പര്യടനത്തിന്റെ ഭാഗമായാണ് സൗദിയിലെ മത്സരം. സൗദിക്കു മുന്‍പ് എല്‍ സാല്‍വദോറിലും ഹോങ്കോങ്ങിലും ഇന്റര്‍ മയാമി പ്രദര്‍ശന മത്സരങ്ങള്‍ കളിക്കും.

sports news Latest News