By Lekshmi.02 06 2023
പാരിസ്: ക്ലബ്ബുമായുള്ള കലഹവും ആരാധകരുടെ അനിഷ്ടവുമെല്ലാമായി സംഭവബഹുലമായ ലയണല്‍ മെസ്സിയുടെ പിഎസ്ജി കാലത്തിന് അവസാനം. അര്‍ജന്റീന താരം ഫ്രഞ്ച് ക്ലബ് വിടുകയാണെന്ന് പരിശീലകന്‍ ക്രിസ്‌റ്റോഫ് ഗാല്‍ട്ടിയര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച ക്ലെര്‍മണ്ടിനെതിരെയുള്ളത് പിഎസ്ജി ജഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരമാകുമെന്നും ഗാല്‍ട്ടിയര്‍ പറഞ്ഞു. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാരിസിലെ പാര്‍ക് ദെ പ്രിന്‍സസിലാണ് മത്സരം.
മെസ്സിയുടെ ഗോളിലൂടെ കഴിഞ്ഞ മത്സരത്തില്‍ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചെങ്കിലും അര്‍ജന്റീന താരവുമായി ഒട്ടും നല്ല ബന്ധമല്ല പിഎസ്ജി ആരാധകര്‍ക്കുണ്ടായിരുന്നത്. ക്ലബ്ബുമായി കരാര്‍ പുതുക്കാതിരുന്ന മെസ്സിയെ പല മത്സരങ്ങളിലും കൂവലോടെയാണ് ആരാധകര്‍ വരവേറ്റത്. ക്ലബ്ബിനെ അറിയിക്കാതെ മെസ്സി സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനു പോയതോടെ ക്ലബ് മാനേജ്‌മെന്റുമായും മെസ്സിയുടെ ബന്ധം തകര്‍ന്നു.
2021ല്‍ സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ നിന്ന് പിഎസ്ജിയിലെത്തിയ മെസ്സി പാരിസ് ക്ലബ്ബിനു വേണ്ടി 74 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകളും 35 അസിസ്റ്റുകളും നേടി. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 11ാം തവണയും ജേതാക്കളായെങ്കിലും മെസ്സിയും നെയ്മാറും എംബപെയും ഉണ്ടായിട്ടും യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായത് വലിയ തിരിച്ചടിയായി.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാലാണ് വന്‍തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. 40 കോടി യുഎസ് ഡോളര്‍ (ഏകദേശം 3270 കോടി രൂപ) ക്ലബ് മെസ്സിക്ക് ഓഫര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ മേജര്‍ ലീഗിലെ ക്ലബ്ബുകളും മെസ്സിക്കായി രംഗത്തുണ്ട്.