ചരിത്രം എഴുതി മിന്നു മണി; ടീം ഇന്ത്യയ്ക്കായി കളിക്കാന്‍ ഇനി ഈ വയനാട്ടുകാരിയും

ഒണ്ടയങ്ങാടിയ എടപ്പടിയിലെ മിന്നു മണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തില്‍നിന്ന് ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ആദ്യമായി ഇടംപിടിച്ച പെണ്‍കുട്ടിയെന്ന ചരിത്രവും ഈ ഇരുപത്തിനാലുകാരിക്ക് സ്വന്തം.

author-image
Lekshmi
New Update
ചരിത്രം എഴുതി മിന്നു മണി; ടീം ഇന്ത്യയ്ക്കായി കളിക്കാന്‍ ഇനി ഈ വയനാട്ടുകാരിയും

കല്‍പറ്റ: ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ ദിവസമായിരുന്നു വയനാട് ഒണ്ടയങ്ങാടിലെ നാട്ടുകാര്‍ക്ക്. കാരണം, ഒണ്ടയങ്ങാടിയ എടപ്പടിയിലെ മിന്നു മണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തില്‍നിന്ന് ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ആദ്യമായി ഇടംപിടിച്ച പെണ്‍കുട്ടിയെന്ന ചരിത്രവും ഈ ഇരുപത്തിനാലുകാരിക്ക് സ്വന്തം. ക്രിക്കറ്റ് കിറ്റും ബാക്ക്പായ്ക്കുമായി ഒണ്ടയങ്ങാടിയില്‍നിന്നു 34 കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണഗിരി സ്‌റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് ക്യാംപില്‍ പങ്കെടുക്കാനായി കഴിഞ്ഞ 26ന് മിന്നു മണി പോയത് ബസ് കയറിയാണ്. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മിന്നു തിരികെ വീട്ടിലെത്തിയത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പാടാക്കിയ കാറിലാണ്. ബംഗ്ലദേശിനെതിരെ ജൂലൈ 9ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് മിന്നു മണി ഇടംപിടിച്ചത്.

ഫോണിലും നേരിട്ടും സമൂഹമാധ്യമങ്ങളിലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അഭിനന്ദനം അറിയിച്ചു. പരിശീലന ക്യാംപിന്റെ അച്ചടക്കം പാലിക്കണമെന്നതിനാല്‍ എല്ലാ കോളുകളും അറ്റന്‍ഡ് ചെയ്യാനായില്ലെന്ന സങ്കടമാണു മിന്നുവിന്. ഞായറാഴ്ച രാത്രി ബിസിസിഐ വെബ്‌സൈറ്റില്‍ ടീം ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് സിലക്ഷന്‍ കിട്ടിയ കാര്യം മിന്നു അറിയുന്നത്. അപ്പോള്‍ത്തന്നെ ക്യാംപില്‍ ആഘോഷം തുടങ്ങിയിരുന്നു.

ഒണ്ടയങ്ങാടിയിലെ കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച അതേ മിന്നുവാണു ബംഗ്ലദേശിലേക്കും വിമാനം കയറുക. മിന്നു മണിയുടെ ആദ്യ ഗുരു മാനന്തവാടി ജിവിഎച്ച്എസ്എസിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപിക എല്‍സമ്മയായിരുന്നു. 9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊടുപുഴയിലുള്ള കെസിഎ ക്രിക്കറ്റ് അക്കാദമിയില്‍ മിന്നുവിനു സിലക്ഷന്‍ കിട്ടി. പിന്നീടങ്ങോട്ടുള്ള പഠനവും പരിശീലനവുമെല്ലാം അക്കാദമി വഴിയായിരുന്നു.

കേരളത്തിനായി അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ മിന്നു ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ഇംഗ്ലണ്ടിനെതിരെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനിലുമെത്തിച്ചു. പിന്നാലെ ഇന്ത്യ എ ടീമിലും വനിതാ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

minnu mani Indian Cricket Team