മുടി നീട്ടി വളർത്തുന്നതാണ് ആരാധകർക്ക് ഇഷ്ടം; ഈ സ്റ്റൈൽ നിലനിർത്തുന്നതു ബുദ്ധിമുട്ടുള്ള കാര്യമെന്ന് ധോണി

നേരത്തേ 20 മിനിറ്റിനുള്ളിൽ തയാറാകുമായിരുന്നു.എന്നാൽ ഇപ്പോൾ ഇതിനു വേണ്ടി ഒരു മണിക്കൂർ പത്ത് മിനിറ്റ് ഒക്കെയാണ് വേണ്ടിവരുന്നതെന്നും ഒരു സ്വകാര്യ പരിപാടിയ്ക്കിടെ ധോണി പറഞ്ഞു

author-image
Greeshma Rakesh
New Update
മുടി നീട്ടി വളർത്തുന്നതാണ് ആരാധകർക്ക് ഇഷ്ടം; ഈ സ്റ്റൈൽ നിലനിർത്തുന്നതു ബുദ്ധിമുട്ടുള്ള കാര്യമെന്ന് ധോണി

മുംബൈ: വർഷങ്ങൾക്കു ശേഷം മുടി നീട്ടി വളർത്താൻ തീരുമാനിച്ചതിനെക്കുറിച്ചു തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി.ഈ ഹെയർ സ്റ്റൈലാണ് ആരാധകർക്ക് ഇഷ്ടമെന്ന് പറഞ്ഞ ധോണി ഈ സ്റ്റൈൽ നിലനിർത്തുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കൂട്ടിച്ചേർത്തു.

നേരത്തേ 20 മിനിറ്റിനുള്ളിൽ തയാറാകുമായിരുന്നു.എന്നാൽ ഇപ്പോൾ ഇതിനു വേണ്ടി ഒരു മണിക്കൂർ പത്ത് മിനിറ്റ് ഒക്കെയാണ് വേണ്ടിവരുന്നതെന്നും ഒരു സ്വകാര്യ പരിപാടിയ്ക്കിടെ ധോണി പറഞ്ഞു.അതെസമയം 2024 ഐപിഎല്ലിലും ധോണി ഇതേ ലുക്കിൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ആരാധകർക്ക് ഇഷ്ടമായതുകൊണ്ടാണു ഞാൻ ഇതു ചെയ്യുന്നത്. എന്നാൽ മതിയെന്നു തോന്നുമ്പോൾ മുടി വെട്ടിക്കളയാൻ തയാറാണ്.’’– എം.എസ്. ധോണി വ്യക്തമാക്കി. ഹെയർ സ്റ്റൈലിസ്റ്റ് ആയ ആലിം ഹക്കീമാണ് ഈ വർഷം ആദ്യം ധോണിക്കായി പുതിയ ഹെയർ സ്റ്റൈൽ കൊണ്ടുവന്നത്.

ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായി തുടങ്ങിയ കാലത്ത് നീളൻ മുടിയുമായാണ് ധോണി ആരാധകരെ കയ്യിലെടുത്തത്. 2007ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷമാണ് താരം മുടി വെട്ടിയത്. 2011 ലോകകപ്പിനു ശേഷം മുടി പറ്റെവെട്ടിയും ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ധോണി 2024 ഐപിഎല്ലിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്.കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്.2024 ഐപിഎല്ലിലും ധോണ്യുടെ തകർപ്പൻ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

cricket ms dhoni new hairstyle