/kalakaumudi/media/post_banners/e0134707e633a79b4e04c59917d0533b1ecfc95f4481acc03c9a27612abed8e0.jpg)
ബാംബൊലിം: ദേശീയ ഗെയിംസിൽ മികവുതെളീക്കാൻ കഴിയാതെ കേരളം. ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം വ്യാഴാഴ്ച മൂന്ന് മെഡൽമാത്രമാണ് കേരളത്തിന് ലഭിച്ചത്. ഇതോടെ 11 സ്വർണവും 15 വെള്ളിയും 15 വെങ്കലവുമായി 41 മെഡലോടെ എട്ടാംസ്ഥാനത്താണ് കേരളം.
60 സ്വർണവും 48 വെള്ളിയും 53 വെങ്കലവുമായി മഹാരാഷ്ട്രയാണ് മുന്നിലും. രണ്ടാം സ്ഥാനക്കാരായി സർവീസുമുണ്ട്. ട്രാക്ക് ഇനമായ 200 മീറ്ററിൽ പി ഡി അഞ്ജലി ഏഴാമതായി (24.83). ഒഡിഷയുടെ ശ്രാബണി നന്ദയ്‌ക്കാണ് സ്വർണം (23.69). 800 മീറ്ററിൽ ജെ റിജോയിയും ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
ട്രിപ്പിൾജമ്പിൽ സർവീസസിന്റെ മലയാളിതാരം എ ബി അരുണിനാണ് റെക്കോഡോടെ സ്വർണം (16.79 മീറ്റർ) സർവീസസിന്റെ മലയാളിതാരം കാർത്തിക് ഉണ്ണിക്കൃഷ്ണനാണ് ഈ ഇനത്തിൽ വെള്ളി (16.57). കേരളത്തിന്റെ ആകാശ് എം വർഗീസ് ആറാമതായി.
നീന്തലിൽ സജൻ പ്രകാശ് രണ്ട് മെഡൽകൂടി നേടി. 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ വെള്ളിയും (8:15.64) 50 മീറ്റർ ബട്ടർ ഫ്ലൈയിൽ (24.78) വെങ്കലവുമാണ് സ്വന്തമാക്കിയത്. സജന് രണ്ട് സ്വർണം ഉൾപ്പെടെ ഏഴ് മെഡലായി.
തായ്ക്വോണ്ടോ അണ്ടർ 49 വിഭാഗത്തിൽ കേരളത്തിനു വേണ്ടി എൽ അചൽ ടോമ്പിദേവി വെങ്കലം നേടി. വനിതകളുടെ വൂഷുവിലും പുരുഷൻമാരുടെ സെപാക്‌താക്രോയിലും കേരളം മെഡലുറപ്പിച്ചു.
വൂഷു 70 കിലോ ഫൈറ്റിങ്ങിൽ പി സി സ്നേഹയാണ് സെമിയിൽ കടന്നത്. സെപാക്‌താക്രോയിൽ നിതിൻ വി നായർ, ബേസിൽ കെ ബാബു, ജി എ അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് ഫൈനലിൽ പ്രവേശിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
