
20-12 ചണ്ടീഗഢിൽ കേരളവും ഹരിയാനയും തമ്മിൽ നടന്ന റോളർ ഹോക്കി മത്സരം
കൊല്ലം: ചണ്ടീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61-മത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളം മെഡല്‍ നേട്ടത്തില്‍ മുന്നേറ്റം തുടരുന്നു. ചണ്ടീഗഢില്‍ നടന്ന കേഡറ്റ് വിഭാഗം മിക്‌സെഡ് റോളര്‍ ഹോക്കി മത്സരത്തില്‍ സ്വര്‍ണവും സബ് ജൂനിയറില്‍ വെങ്കലവും കേഡറ്റ് പെണ്‍കുട്ടികളില്‍ വെങ്കല മെഡലും കേരളം കരസ്ഥമാക്കി. ഞായറാഴ്ച്ച നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ റോളര്‍ ഹോക്കി മത്സരത്തില്‍ എതിരില്ലാത്ത 10 ഗോളുകള്‍ക്ക് ഗുജറാത്തിനെയും പുരുഷവിഭാഗത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കേരളം ആന്ധ്രപ്രദേശിനെയും തോല്‍പ്പിച്ചു.
ജൂനിയര്‍ മിക്‌സെഡ് വിഭാഗത്തില്‍ കേരളം ജമ്മു കശ്മീരുമായി സമനിലയിലെത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജമ്മു കശ്മീര്‍ കേരളത്തെ തോല്‍പ്പിച്ചു. തിങ്കളാഴ്ച നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കേരളം ഉത്തര്‍ പ്രദേശിനോടും ജൂനിയര്‍ പെണ്‍കുട്ടികള്‍ ഹരിയാനയോടും ജൂനിയര്‍ മിക്‌സെഡ് വിഭാഗത്തില്‍ ഹരിയാനയോടും പരാജയപ്പെട്ടു. ചൊവ്വാഴ്ച്ച നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ മഹാരാഷ്ട്രയുമായുള്ള മത്സരത്തില്‍ വാക്കോവറില്‍ കേരളം വിജയിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഹരിയാന കേരളത്തെയും ജൂനിയര്‍ മിക്‌സെഡ് മത്സരത്തില്‍ തമിഴ്‌നാട് കേരളത്തെയും തോല്‍പ്പിച്ചു.
20-12 ചണ്ടീഗഢില്‍ കേരളവും ഹരിയാനയും തമ്മില്‍ നടന്ന മിക്‌സെഡ് റോളര്‍ ഹോക്കി മത്സരം
സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ ഏഴ് സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 11 മെഡലുകള്‍ കേരളം കരസ്ഥമാക്കി. റോളര്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഒരു വെള്ളിയും ഒരു വെങ്കലവും ആല്‍പൈന്‍, ഡൗണ്‍ഹില്‍ മത്സരത്തില്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിങ്ങില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും കേരളം നേടി.
ചെന്നൈയില്‍ തുടങ്ങിയ സ്പീഡ് സ്‌കേറ്റിങ് (റോഡ്, റിങ്) മത്സരത്തില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം കരസ്ഥമാക്കി. ഇന്‍ലൈന്‍ ഫ്രീസ്‌റ്റൈല്‍ സ്‌കേറ്റിങ്, റോളര്‍ ഫ്രീസ്‌റ്റൈല്‍, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെടെ 278 സ്‌കേറ്റിങ് താരങ്ങളാണ് ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതെന്ന് കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മത്സരം 25-ന് സമാപിക്കും.