വിജയകാഹളം മുഴക്കി ബ്ലാസ്റ്റേഴ്‌സ്; തോല്‍വി സമ്മതിച്ച് ബെംഗളുരൂ

ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

author-image
Web Desk
New Update
വിജയകാഹളം മുഴക്കി ബ്ലാസ്റ്റേഴ്‌സ്; തോല്‍വി സമ്മതിച്ച് ബെംഗളുരൂ

Photo: Prakash Elamakkara

കൊച്ചി: ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

ബെംഗളൂരു താരം കെസിയ വീന്‍ഡോര്‍പ് , ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിളങ്ങുന്ന ജയം.

ബെംഗളൂരുവിനായി 90ാം മിനിറ്റില്‍ കുര്‍ട്ടിസ് മെയ്‌നാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിലെ ഗോള്‍ വരള്‍ച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

ആദ്യ പകുതിക്കു സമാനമായി രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഘാന ഫോര്‍വേഡ് ക്വാമെ പെപ്രയ്ക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഡെയ്‌സുകെയുടെ ശ്രമങ്ങളും പാഴായി.

52ാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് തടയുന്നതിലുള്ള പിഴവ് ബെംഗളൂരുവിനെ ചതിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ബെംഗളുരു ബോക്‌സിനു മുന്നില്‍ കനത്ത വെല്ലുവിളിയൊരുക്കിയപ്പോള്‍, നെതര്‍ലന്‍ഡ്‌സ് പ്രതിരോധ താരം കെസിയ വീന്‍ഡോര്‍പിനു പിഴച്ചു. താരത്തിന്റെ ശരീരത്തില്‍ തട്ടിയ പന്ത് വലയില്‍.

പ്രതിരോധത്തിലായ ബെംഗളൂരു മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. 65ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം മിലോസ് ഡ്രിന്‍കിച്ച് പന്തുമായി ബെംഗളൂരു പോസ്റ്റിനെ ലക്ഷ്യമിട്ടു. ക്വാമെ പെപ്രയില്‍നിന്നു പന്തു വാങ്ങി ഡ്രിന്‍കിച്ച് എടുത്ത ഇടം കാല്‍ ഷോട്ട് ബെംഗളൂരു ഗോളി സേവ് ചെയ്തു.

ബെംഗളൂരുവിനു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. പന്ത് തടയുന്നതില്‍ ഗോളി ഗുര്‍പ്രീതിനു വന്ന പിഴവ് മുതലാക്കിയത് മഞ്ഞപ്പടയുടെ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ. 69ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍.

രണ്ടാം ഗോള്‍ വീണതോടെ മറുപടിക്കായി ബെംഗളൂരു കിണഞ്ഞു പരിശ്രമിച്ചു. 77-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബെംഗളൂരു യുവതാരം മൊനീറുല്‍ മൊല്ല ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ടു. ജാവി ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ മൊല്ലയെടുത്ത ഹെഡര്‍ പോസ്റ്റിനു വലതു ഭാഗത്തുകൂടെ പുറത്തേക്കു പോയി.

86ാം മിനിറ്റില്‍ ലഭിച്ചൊരു കോര്‍ണറും ബെംഗളൂരു പാഴാക്കി. കോര്‍ണറില്‍ നിന്ന് പന്തു കിട്ടിയ പരാഗ് ശ്രീവാസ്തവ ഷോട്ട് ഉതിര്‍ത്തെങ്കിലും പ്രബീര്‍ ദാസ് ഇതു പ്രതിരോധിച്ചു.

നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബെംഗളൂരു ഗോളടിച്ചത്. പകരക്കാരനായി ഇറങ്ങിയ ബെംഗളൂരുവിന്റെ യുകെ ഫോര്‍വേഡ് കുര്‍ട്ടിസ് മെയ്‌നാണ് ലക്ഷ്യം കണ്ടത്.

 

Kerala Blasters bengaluru fc ndian super league