/kalakaumudi/media/post_banners/b47f67ce452619610dea7c2e465b5897d83e6bc24025b5bdad27320ea60e0942.jpg)
ഹരാരെ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നെതര്‍ലന്‍ഡ്‌സിന് ഐതിഹാസിക വിജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോക ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസിനെ സൂപ്പര്‍ ഓവറിലാണ് നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയത്.
നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 374 റണ്‍സ് വീതം നേടി ടൈ പാലിച്ചു. തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. സൂപ്പര്‍ ഓവറില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ക്ലാസിക് പ്രകടനം കാഴ്ചവച്ച ലോഗന്‍ വാന്‍ ബീകാണ് നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചത്. സൂപ്പര്‍ ഓവറില്‍ ജെയ്‌സന്‍ ഹോള്‍ഡറിനെതിരെ 30 റണ്‍സടിച്ച വാന്‍ ബീക്, പിന്നീട് ബോളിങ്ങില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുമായി മത്സരം നെതര്‍ലന്‍ഡ്‌സിന് അനുകൂലമാക്കി.
നേരത്തെ സെഞ്ചറി നേടിയ നിക്കോളാസ് പുരാന്റെ പ്രകടനമാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 374 റണ്‍സെടുത്തത്. പുരാന്‍ 65 പന്തില്‍ ഒന്‍പതു ഫോറും ആറു സിക്‌സും സഹിതം 104 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ഓപ്പണര്‍മാരായ ബ്രാണ്ടന്‍ കിങ് (81 പന്തില്‍ 76), ചാള്‍സ് (55 പന്തില്‍ 54) എന്നിവരും അര്‍ധസെഞ്ചറി നേടി. ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 38 പന്തില്‍ 47 റണ്‍സെടുത്ത് പുറത്തായി. കീമോ പോള്‍ 25 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ തേജ നിദമനുരുവിന്റെ സെഞ്ചറിയാണ് നെതര്‍ലന്‍ഡ്‌സിന് കരുത്തായത്. തേജ 76 പന്തില്‍ 11 ഫോറും മൂന്നു സിക്‌സും സഹിതം 111 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് 47 പന്തില്‍ 67 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ലോഗന്‍ വാന്‍ ബീക് (14 പന്തില്‍ 28), ആര്യന്‍ ദത്ത് (9 പന്തില്‍ 16) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന് ടൈ സമ്മാനിച്ചത്.