/kalakaumudi/media/post_banners/3994018980e1b709d765e964b6850e60bb6926eaa5453a8c74a0db67a6b8415d.jpg)
തിരുവനന്തപുരം; കൊച്ചിയില്‍ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന 'കൊച്ചിന്‍ സ്‌പോര്‍ട്‌സ് സിറ്റി' പദ്ധതിയുമായാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ)വന്നിരിക്കുന്നത്. 40 ഏക്കര്‍ സ്ഥലത്ത് ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മള്‍ട്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 700 കോടി രൂപയാണു ചെലവ്.
സ്‌റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണ്‍ട്രോള്‍ ലഭിച്ചതായി പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു. രൂപരേഖ കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയില്‍ കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. നെടുമ്പാശേരി അത്താണി ജംക്ഷനു സമീപം ദേശീയപാതയോടു ചേര്‍ന്നു ചെങ്ങമനാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലത്താണു പദ്ധതി വരുന്നത്. ഇതുള്‍പ്പെടെ സംസ്ഥാനത്തു കെസിഎ നടപ്പാക്കാനുദേശിക്കുന്ന 1124 കോടി രൂപയുടെ പദ്ധതികളും അവതരിപ്പിച്ചു.
40,000 ഇരിപ്പിടങ്ങള്‍, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പരിശീലന ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇ-സ്‌പോര്‍ട്‌സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ്, എന്നവയുള്‍ക്കൊള്ളുന്നതായിരിക്കും സ്‌പോര്‍ട്‌സ് സിറ്റി.
ഒരു വര്‍ഷം മുന്‍പേ എറണാകുളത്ത് രാജ്യാന്തര സ്റ്റേഡിയം നിര്‍മാണത്തിനായി സ്ഥലം തേടി കെസിഎ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ലഭിച്ച മുപ്പതോളം അപേക്ഷകളില്‍നിന്നു തിരഞ്ഞെടുത്ത 3 സ്ഥലങ്ങള്‍ വിലയിരുത്തി നിയമപരിശോധനകള്‍ക്ക് ഒടുവിലാണ് അത്താണിയിലെ സ്ഥലം തീരുമാനിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥലം സന്ദര്‍ശിച്ചിരുന്നു.