ആഡംബരവീട്ടില്‍ കൃത്രിമ തടാകം നിര്‍മ്മിച്ച് നെയ്മര്‍; 28 കോടി പിഴ ചുമത്തി അധികൃതര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം 1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തടാകം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

author-image
Greeshma Rakesh
New Update
ആഡംബരവീട്ടില്‍ കൃത്രിമ തടാകം നിര്‍മ്മിച്ച് നെയ്മര്‍; 28 കോടി പിഴ ചുമത്തി അധികൃതര്‍

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിന് 28 കോടി രൂപ പിഴ ചുമത്തി അധികൃതര്‍. റിയോ ഡി ജനീറോയില്‍ സ്ഥിതി ചെയ്യുന്ന നെയ്മറിന്റെ ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരെ നടപടി. പ്രാദേശിക ഭരണകൂടം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

നെയ്മറിന്റെ കോടികള്‍ വിലമതിക്കുന്ന ആഡംബര കൊട്ടാരം സ്ഥിതി ചെയ്യുന്നത് മംഗരാതിബ എന്ന പ്രദേശത്താണ്. ഹെലിപാഡ്, ജിം, സ്പാ തുടങ്ങീ ആഡംബര സൗകര്യങ്ങള്‍ എല്ലാം ഇവിടെയുണ്ട്. ഇവയ്ക്ക് പുറമേയാണ് കൃത്രിമ തടാകത്തിന്റെ നിര്‍മാണം.

ഇതിനായി ശുദ്ധജലസ്രോതസ്സും പാറയും മണ്ണും അനധികൃതമായി ഉപയോഗിക്കുകയും നീക്കം ചെയ്യുകയും ചെയ്തതിലൂടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടികാട്ടിയാണ് അധികൃതരുടെ നടപടി.പിഴ ചുമത്തിയതിനു പുറമേ പ്രാദേശിക അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, പോലീസ് സേന, പരിസ്ഥിതി സംരക്ഷണ ഓഫീസ് തുടങ്ങിയവ സംഭവത്തില്‍ അന്വേഷണവും നടത്തും.

നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം തന്നെ തടാകത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവയ്പ്പിക്കുകയും ഉപരോധിക്കുകയും ചെയ്തിരുന്നു. അതേസമയം നിര്‍മാണം നിരോധിച്ചതുമായി ബന്ധപ്പെട്ട് നെയ്മറിന്റെ പിതാവ് മുന്‍പ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

തടാകത്തിന്റെ നിര്‍മാണം വനനശീകരണത്തിനും സ്വാഭാവിക നദിയുടെ ഗതി മാറ്റുന്നതിനും പാറകള്‍ നശിപ്പിക്കപ്പെടുന്നതിനുമെല്ലാം കാരണമാകുന്നു എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ഭരണക്കൂടത്തിന് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ നെയ്മര്‍ അപേക്ഷ സമര്‍പ്പിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല.

അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നെയ്മറിന്റെ വക്താവ് തയ്യാറായിട്ടില്ല. പിഴ ചുമത്തിയതിനു മേല്‍ അപ്പീല്‍ നല്‍കാന്‍ 20 ദിവസം സമയമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തടാകം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

രണ്ടര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന നെയ്മറിന്റെ വില്ലയില്‍ ആറ് കിടപ്പുമുറികളാണുള്ളത്. 2016 ലാണ് നെയ്മര്‍ ഈ വസതി സ്വന്തമാക്കിയത്. ടെന്നീസ് കോര്‍ട്ട്, മസാജ് റൂം, ഇന്‍ഡോര്‍ -ഔട്ട്‌ഡോര്‍ പൂളുകള്‍ തുടങ്ങി ഇവിടുത്തെ സൗകര്യങ്ങളുടെ പട്ടിക നീളും.

football neymar Latest News Environment Lake