/kalakaumudi/media/post_banners/c0e0a320380b70da377077891cb84d1b739202858a3b03164cf1985cbd2207ea.jpg)
റിയാദ്: പി എസ് ജി വിടാന്‍ സന്നദ്ധത അറിയിച്ച ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ സ്വന്തമാക്കി സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍. നെയ്മറുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് പി എസ് ജിയും അല്‍ ഹിലാലും ധാരണയിലെത്തിയതായി പ്രമുഖ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെയാണ് നെയ്മറും സൗദി പ്രൊ ലീഗിലേക്ക് എത്തുന്നത്. 98.5 മില്യണ്‍ ഡോളറിനാണ് രണ്ട് വര്‍ഷ കരാറില്‍ നെയ്മറെ അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത്.
കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയെന്നും ട്രാന്‍സ്ഫറിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും റൊമാനോ ട്വീറ്റില്‍ വ്യക്തമാക്കി.
ഒരു വര്‍ഷം കൂടി കരാറുണ്ടെങ്കില്‍ പോലും നെയ്മര്‍ പി എസ് ജി വിടാന്‍ തീരുമാനിച്ചിരുന്നു. താരം ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് താരം സൗദി പ്രൊ ലീഗിലേക്ക് പോകാന്‍ തീരുമാനിച്ചത്.
അല്‍ ഹിലാലില്‍ 88 മില്യണ്‍ ഡോളറായിരിക്കും നെയ്മര്‍ക്ക് സീസണിലെ പ്രതിഫലം.സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ സൗദി പ്രൊ ലീഗ് ടീമായ അല്‍ നസ്ര് ആണ് സൗദി ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ ഒഴുക്കിന് കാരണമായത്.
കഴിഞ്ഞ സീസണൊടുവില്‍ പ്രൊ ലീഗ് ടീമായ അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയെയും ടീമിലെത്തിച്ചിരുന്നു.