By Web Desk.17 09 2023
കോയമ്പത്തൂരില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ഇരട്ടകള്‍. അച്ഛന്‍ ഡ്രൈവറാണ്. അമ്മയാണ് ഈ പെണ്‍കുട്ടികളുടെ കരുത്ത്. അമ്മ മീനയുടെ പ്രോത്സാഹനം ഇരുവരെയും സ്പോര്‍ട്സില്‍ എത്തിച്ചു. പിന്തുണയുമായി ചേച്ചി സത്യയും ഒപ്പമുണ്ട്.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബം ഏറെ കഷ്ടപ്പെട്ടായിരുന്നു കായിക പരിശീലനവും പഠനവും. വര്‍ഷങ്ങള്‍ കടന്നുപോയി. ഇരട്ടസഹോദരിമാരുടെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും കാലം പ്രതിഫലം നല്‍കി.
ഈ പെണ്‍കുട്ടികളെ നമ്മളറിയും-വിത്യയും നിത്യയും. വിത്യയ്ക്ക് റെയില്‍വേസിലും നിത്യയ്ക്ക് ആദായനികുതി വകുപ്പിലുമാണ് ഇപ്പോള്‍ ജോലി. ഏഷ്യന്‍ ഗെയിംസാണ് സഹോദരിമാരുടെ ലക്ഷ്യം. പിന്നെ അടുത്ത വര്‍ഷം ഒളിമ്പിക്സും. ഇരുവരും വിശ്രമമില്ലാത്ത പരിശ്രമത്തിലാണ്. കഷ്ടപ്പാടുകളില്‍ മുന്നോട്ടുനയിച്ച സ്വപ്‌നങ്ങള്‍ ഒരോന്നായി പൂര്‍ത്തീകരിക്കാനുള്ള ശ്രമം!
പി ടി ഉഷയുടെ ദേശീയ റെക്കോഡ് പിടിച്ചുകുലുക്കിയതോടെയാണ് വിത്യ രാംരാജ് എന്ന കായികതാരം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ചണ്ഡീഗഢില്‍ നടന്ന അഞ്ചാമത് ഗ്രാന്‍ പ്രി മീറ്റില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു ഇരുപത്തിനാലുകാരി വിത്യയുടെ അമ്പരപ്പിക്കുന്ന പ്രകടനം.
സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിനാണ് ഉഷയുടെ പേരിലുള്ള ദേശീയ റെക്കോഡ് മറികടക്കാനുള്ള അവസരം വിത്യയ്ക്ക് നഷ്ടപ്പെട്ടത്. വിത്യ 55.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഉഷ 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ സ്ഥാപിച്ച സമയം 55.42 സെക്കന്‍ഡായിരുന്നു.
ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ വിത്യ പോകുന്നത് ഇരട്ട സഹോദരി നിത്യയ്‌ക്കൊപ്പമാണ്. വിത്യ 400 മീറ്റര്‍ ഹര്‍ഡില്‍സിലും നിത്യ 100 മീറ്റര്‍ ഹര്‍ഡില്‍സിലും പങ്കെടുക്കും. ഏഷ്യന്‍ ഗെയിംസില്‍ ഉഷയുടെ ദേശീയ റെക്കോഡ് മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് വിത്യ.