
ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ വമ്പന്‍ റണ്‍സെടുത്തെടുത്ത് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49.2 ഓവറുകളില്‍ 388 റണ്‍സെടുത്തു പുറത്തായി.
175 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് ഒരുക്കിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡുമാണ് ഓസീസിനെ മികച്ച സ്‌കോറിലേയ്ക്ക് ഉയര്‍ത്തിയത്. ട്രാവിസ് ഹെഡ് സെഞ്ചറി തികച്ചു.വമ്പനടികളുമായി കളം നിറഞ്ഞ ഹെഡ് 67 പന്തുകളില്‍നിന്ന് 109 റണ്‍സ് നേടി.
ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) അര്‍ധ സെഞ്ചറി നേടി പുറത്തായി. ന്യൂസീലന്‍ഡ് ബോളിങ് നിരയെ കാഴ്ചക്കാരാക്കിയായിരുന്നു ആദ്യ 19 ഓവറുകളില്‍ ഓസീസ് ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ ബാറ്റിങ്. 28 പന്തുകളില്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. ആദ്യ 55 പന്തുകളില്‍ തന്നെ ഓസീസ് സ്‌കോര്‍ 100 കടന്നിരുന്നു. ട്രാവിസ് ഹെഡും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ പെട്ടെന്ന ഉയര്‍ന്നു. 59 പന്തുകളില്‍നിന്നാണ് ട്രാവിസ് ഹെഡ് സെഞ്ചറി തികച്ചത്.
സ്‌കോര്‍ 175ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറെ ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി, തൊട്ടുപിന്നാലെ ഹെഡും ഫിലിപ്‌സിനു മുന്നില്‍ കുടുങ്ങി. ഇരുവരും പുറത്തായിട്ടും ഓസീസ് പതറിയില്ല. മധ്യനിരയില്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് വമ്പന്‍ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
എന്നാല്‍ എല്ലാവരും മോശമല്ലാത്ത ബാറ്റിങ് പ്രകടനം കാഴ്ച്ചവച്ചതോടെ ഓസീസ് 300 ഉം കടന്നു മുന്നേറി. ഗ്ലെന്‍ മാക്സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍സ് (14 പന്തില്‍ 37), മിച്ചല്‍ മാര്‍ഷ് (51 പന്തില്‍ 36), സ്റ്റീവ് സ്മിത്ത് (17 പന്തില്‍ 18), മാര്‍നസ് ലബുഷെയ്ന്‍ (26 പന്തില്‍ 18) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ സ്‌കോറുകള്‍.
ന്യൂസീലന്‍ഡിനായി പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.നിലവില്‍ പോയിന്റ് ടേബിളില്‍ കിവീസ് മൂന്നാമതും ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമാണ്. അഞ്ച് കളികളില്‍നിന്ന് നാല് വിജയങ്ങളുള്ള ന്യൂസീലന്‍ഡിന് എട്ടു പോയിന്റാണുള്ളത്. മൂന്ന് വിജയങ്ങളുള്ള ഓസ്‌ട്രേലിയയ്ക്ക് ആറു പോയിന്റുണ്ട്.