മെസിയെയും നെയ്മറിനെയും വില്‍ക്കാനുള്ള നീക്കവുമായി പി എസ് ജി

അടുത്ത സീസണില്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയെയും നെയ്മറിനെയും വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് പി.എസ്.ജി. കഴിഞ്ഞ മാസം അവസാനിച്ച ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി ശ്രമിച്ചിരുന്നു.

author-image
Priya
New Update
മെസിയെയും നെയ്മറിനെയും വില്‍ക്കാനുള്ള നീക്കവുമായി പി എസ് ജി

പാരീസ്: അടുത്ത സീസണില്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയെയും നെയ്മറിനെയും വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് പി.എസ്.ജി. കഴിഞ്ഞ മാസം അവസാനിച്ച ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി ശ്രമിച്ചിരുന്നു.

എന്നാല്‍ വന്‍ തുകയായത് കൊണ്ട് നെയ്മറെ സ്വന്തമാക്കാന്‍ മറ്റ് ടീമുകള്‍ മുന്നോട്ടുവന്നില്ല.പി.എസ്.ജിയിലെ മറ്റൊരു സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെയുമായി നെയ്മര്‍ നല്ല ബന്ധത്തിലല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ മൊണോക്കോയുമായുള്ള മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷം പി.എസ്.ജി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലൂയിസ് കാംപോസുമായി നെയ്മറും ബ്രസീല്‍ താരമായ മാര്‍ക്വീഞ്ഞോസും ഉള്‍പ്പടെയുള്ള താരങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

നെയ്മര്‍ക്ക് പി.എസ്.ജിയുമായി 2027വരെ കരാറുണ്ട്.ബ്രസീല്‍ താരത്തെ ടീമില്‍ നിന്നൊഴിവാക്കുന്നതിനോട് എംബാപ്പെക്കും അനുകൂല നിലപാടാണെന്ന് ഫൂട്ട് മെര്‍ക്കാറ്റോയെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

മെസിയുമായുള്ള കരാര്‍ ഈ സീസണൊടുവില്‍ അവസാനിക്കും. എന്നാല്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസിയുമായി ധാരണയിലെത്താന്‍ പി.എസ്.ജിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മെസി ടീം വിടാനുള്ള ആലോചനയിലാണെന്നും അങ്ങനെയാണെങ്കില്‍ താരത്തെ അതിന് അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.മെസി യുഎസ് മേജര്‍ ലീഗ് സോക്കറില്‍ ഡേവിഡ് ബെക്കാമിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍ മിയാമിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.

അതിനിടെ ബാഴ്‌സ ഡയറക്ടര്‍ യുവാന്‍ ലപ്പോര്‍ട്ടയെ പുറത്താക്കിയാല്‍ മാത്രമെ മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകുകയുള്ളൂവെന്ന് മെസിയുടെ സഹോദരന്‍ മത്തിയാസ് മെസി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പി എസ് ജി ഇന്ന് ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജി കിരീടം നേടുമോ എന്നതിനെ ആശ്രിയിച്ചായിരിക്കും ടീമില്‍ മെസിയുടെയും നെയ്മറുടെയും ഭാവി എന്നാണ് സൂചന.

lionel messi neymar psg