/kalakaumudi/media/post_banners/45655f7d0441c295f2835383b8a146d4e24e5cc3c47e94ff097f9b6059e907b3.jpg)
ജറുസലേം: ഇസ്രായേല്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ കൈയ്യൊഴിഞ്ഞ് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമ. ഇസ്രയേല്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ചതായി പ്യൂമ അറിയിച്ചു. ഒരു വര്‍ഷം മുമ്പെടുത്ത തീരുമാനമാണിതെന്നും ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്ല തീരുമാനമെന്നും പ്യൂമ വ്യക്തമാക്കി.
2024 മുതല്‍, ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (ഐഎഫ്എ) കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് പ്യൂമയുടെ തീരുമാനം. സാമ്പത്തിക കാരണങ്ങളാല്‍ ആണ് തീരുമാനം എടുത്തതെന്നും പ്യൂമ അറിയിച്ചു. സ്പോര്‍ട്സ് മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ സെലക്ടീവ് ആകുകയാണെന്നും ഒരു വമ്പന്‍ ടീമുമായി പുതിയ പങ്കാളിത്തം ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെയായി ലോകകപ്പ് മത്സരത്തിന് ഇസ്രായേല്‍ യോഗ്യത നേടിയിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്പോര്‍ട്സ് ബ്രാന്‍ഡാണ് പ്യൂമ. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലി ടീമുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്യൂമയുടെ ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടക്കുകയാണ്. ഇതിനിടെയാണ് പ്യൂമ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ സെറ്റില്‍മെന്റുകളെ പ്യൂമ പിന്തുണയ്ക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അടുത്തിടെ, പ്യൂമയും സ്പാനിഷ് ഫാഷന്‍ ബ്രാന്‍ഡായ സാരയും പോലുള്ള നിരവധി ബ്രാന്‍ഡുകള്‍ക്കെതിരെ, ഇസ്രായേല്‍ അനുകൂല നിലപാടിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഇവരുടെ സ്റ്റോറുകള്‍ക്ക് പുറത്ത് പലസ്തീനിയന്‍ അനുകൂല പ്രകടനങ്ങള്‍ നടന്നിരുന്നു. അടുത്ത വര്‍ഷം സെര്‍ബിയയുടെ ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാനും പ്യൂമ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ എല്ലാ സ്‌പോണ്‍സര്‍ഷിപ്പുകളും ഭാവി സാധ്യതകളും അവലോകനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് പ്യൂമ വ്യക്തമാക്കി.