അട്ടിമറി വിജയവുമായി പഞ്ചാബ്; ബ്ലാസ്റ്റേഴ്‌സ് വീണു

കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പഞ്ചാബ്. പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്.

author-image
Web Desk
New Update
അട്ടിമറി വിജയവുമായി പഞ്ചാബ്; ബ്ലാസ്റ്റേഴ്‌സ് വീണു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പഞ്ചാബ്. പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്.

ജോര്‍ദാന്‍ ഗില്‍ (43, 61), ലൂക്ക മാജെന്‍ (88) എന്നിവരാണ് പഞ്ചാബിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 39ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍കിച്ചാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

ലീഡ് എടുത്ത ശേഷം മൂന്നു ഗോളുകള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച ഒരു കോര്‍ണറില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.

പഞ്ചാബ് ഗോളി തട്ടിയകറ്റിയ പന്ത് വീണ്ടും ഗോള്‍ പോസ്റ്റിലേക്ക് മിലോസ് ഡ്രിന്‍കിച് ഉന്നമിടുകയായിരുന്നു. ഗോള്‍ ലൈനിന് അകത്തു തട്ടി പന്തു പുറത്തേക്കുതന്നെ പോയി. റഫറി ഗോള്‍ അനുവദിച്ചു.

എന്നാല്‍ 43ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് കുതിച്ച പഞ്ചാബ് സ്‌ട്രൈക്കര്‍ ജോര്‍ദാന്‍ ഗില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ പന്തു വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് താരം ഹോര്‍മിപാമിന്റെ കാലില്‍ തട്ടിയ ശേഷമാണ് പന്ത് ഗോളി സച്ചിന്‍ സുരേഷിനെ മറികടന്ന് വലയിലെത്തിയത്. സ്‌കോര്‍ 1-1.

രണ്ടാം പകുതിയിലാണ് പഞ്ചാബ് മത്സരത്തില്‍ ആദ്യമായി ലീഡെടുത്തത്. കൗണ്ടര്‍ ആക്രമണത്തില്‍ പന്തു പിടിച്ചെടുത്ത് മഹ്ദി എടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് തട്ടിമാറ്റി, പക്ഷേ പോസ്റ്റിനു സമീപത്ത് കാത്തുനിന്നിരുന്ന ജോര്‍ദാന്‍ ഗില്‍ ഹെഡ് ചെയ്ത് വലയിലെത്തിച്ചു.

സമനില ഗോള്‍ നേടാനുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ശ്രമങ്ങള്‍ പഞ്ചാബ് എഫ്‌സി പ്രതിരോധിച്ചുനിന്നു. 88ാം മിനിറ്റിലാണ് പഞ്ചാബിന്റെ പെനല്‍റ്റി ഗോളെത്തിയത്. ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിനു മുന്നില്‍ പ്രതിരോധ താരം ഫ്രെഡി പന്തു കൈകൊണ്ട് തട്ടിയതോടെ റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ ലൂക്ക മാജെന്‍ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു.

Kerala Blasters football punjab