കുരങ്ങു വിളികളുമായി വലന്‍സിയ ആരാധകര്‍; ലാ ലിഗയിലെ വംശീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് റയല്‍ മഡ്രിഡ് താരം

By Priya .23 05 2023

imran-azhar

 

മഡ്രിഡ്: വലന്‍സിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നേരിടേണ്ടി വന്ന അധിക്ഷേപം വെളിപ്പെടുത്തി റയല്‍ മഡ്രിഡ് താരം വിനീസ്യൂസ് ജൂനിയര്‍. സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട കുറിപ്പിലൂടെയാണ് വിനീസ്യൂസ് ലാ ലിഗയിലെ വംശീയതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

 

''ഒരു വട്ടമല്ല, രണ്ടു വട്ടമല്ല എത്രയോ തവണയാണ് ഞാന്‍ അധിക്ഷേപം നേരിട്ടത്. വംശീയാധിക്ഷേപം ലാ ലിഗയില്‍ ഒരു സാധാരണ സംഗതിയായി മാറിക്കഴിഞ്ഞു.

 

ഫെഡറേഷനും അങ്ങനെ തന്നെ കരുതുന്നു. ഒരു കാലത്ത് റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും ക്രിസ്റ്റ്യാനോയും മെസ്സിയുമെല്ലാം ഭരിച്ചിരുന്ന ലാ ലിഗയിലെ മൈതാനങ്ങള്‍ ഇപ്പോള്‍ വംശീയവാദികള്‍ കയ്യടക്കിക്കഴിഞ്ഞു'' വിനീസ്യൂസ് കുറിച്ചു.

 

സംഭവത്തെ തുടര്‍ന്ന് റയല്‍ മഡ്രിഡ് ക്ലബ് ഔദ്യോഗികമായി പരാതി നല്‍കി. പിന്നാലെ സ്പാനിഷ് ഫുട്‌ബോളില്‍ വംശീയതയുണ്ടെന്ന് സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കുറ്റസമ്മതവും നടത്തിയിരുന്നു.

 

ഫ്രാന്‍സ് താരം കിലിയന്‍ എംബപെ മുതല്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ വരെ വിനീസ്യൂസിനെ പിന്തുണച്ച് രംഗത്തെത്തി.വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ 10നു പരാജയപ്പെട്ടിരുന്നു.

 

മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ മുതല്‍ വലന്‍സിയ ആരാധകരുടെ ഭാഗത്തു നിന്നുള്ള 'കുരങ്ങു വിളികളാണ്' വിനീസ്യൂസിനെ എതിരേറ്റത്. സഹികെട്ട താരം റഫറിയോടും റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയോടും പരാതിപ്പെട്ടു.

 

70ാം മിനിറ്റില്‍ വലന്‍സിയ ഗോള്‍ പോസ്റ്റിനു പിന്നിലെ ഗാലറിയില്‍ നിന്ന് തന്നെ അധിക്ഷേപിച്ചയാളെ വിനീസ്യൂസ് റഫറിക്കു കാണിച്ച് കൊടുത്തു. 7 മിനിറ്റോളം മത്സരം തടസ്സപ്പെട്ടെങ്കിലും റഫറി കളി തുടരാന്‍ തീരുമാനിച്ചു. വിനീസ്യൂസ് പിന്നീട് ഇന്‍ജറി ടൈമില്‍ ഒരു ഫൗളിന് ചുവപ്പു കാര്‍ഡ് കാണുകയും ചെയ്തു.

 

 

 

 

OTHER SECTIONS