രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്; രണ്ടാം ദിനത്തില്‍ വാശിയേറിയ മത്സരങ്ങള്‍

By Web Desk.03 12 2023

imran-azhar

 

 


തൃക്കാക്കര: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് നേതൃത്വം നല്‍കുന്ന ഏഴാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിനത്തില്‍ അരങ്ങേറിയത് വാശിയേറിയ മത്സരങ്ങള്‍. രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ്, സ്റ്റുഡന്റ് ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു.

 

ടൂര്‍ണമെന്റിന്റെ ഭാഗമായി കേരള വീല്‍ചെയര്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന എക്സിബിഷന്‍ മാച്ച് ശ്രദ്ധേയമായി. ഏഴാമത് നാഷണല്‍ വീല്‍ചെയര്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിലും, ഇന്തോനേഷ്യയിലും തായ്ലന്റിലുമായി നടന്ന ഏഷ്യാ ഓഷ്യാനിക് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലും പങ്കെടുത്ത കളിക്കാരാണ് അസോസിയേഷനെ പ്രതിനിധീകരിച്ച് കോര്‍ട്ടിലിറങ്ങിയത്. വാരിയേഴ്സ്, സ്റ്റാര്‍സ് എന്നീ രണ്ടു ടീമുകളായി തിരിഞ്ഞ് നടന്ന വീല്‍ചെയര്‍ ബാസ്‌ക്കറ്റ്ബോള്‍ മത്സരത്തില്‍ സ്റ്റാര്‍സിനെ വാരിയേഴ്സ് പരാജയപ്പെടുത്തി. സ്‌കോര്‍ 3-4.

 

 

തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ചെന്നൈ ഐ.ഒ.ബി, തിരുവനന്തപുരം ഇന്‍ഫോസിസിനെ പരാജയപ്പെടുത്തി(സ്‌കോര്‍ 63-38). ഐ.ഒ.ബി ചെന്നൈയുടെ കെ ഹരീഷ് (26 പോയിന്റ്) ടോപ്പ് സ്‌കോററായി. തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിനെ പരാജയപ്പെടുത്തി (സ്‌കോര്‍ 56-51). ശ്രീ കേരള വര്‍മ്മ കോളേജിലെ ചാക്കോ സി സൈമണ്‍ (20 പോയിന്റ്), രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ തോന്‍ ഗാല്വാക് ഡെങ് അതോയ് (20 പോയിന്റ്) എന്നിവര്‍ മത്സരത്തില്‍ ടോപ്പ് സ്‌കോറര്‍മാരായി.

 

പുത്തന്‍കുരിശ്ശ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സിനെ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് പരാജയപ്പെടുത്തി (സ്‌കോര്‍ 52-61). ക്രൈസ്റ്റ് കോളേജിലെ മുഹമ്മദ് ഇര്‍ഫാന്‍ സഹീര്‍ (20 പോയിന്റ്) മത്സരത്തില്‍ ടോപ്പ് സ്‌കോററായി. തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ്, കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചു (സ്‌കോര്‍ 59-51). ശ്രീ കേരള വര്‍മ്മ കോളേജിലെ ചാക്കോ സി സൈമണ്‍ (15 പോയിന്റ്) ടോപ്പ് സ്‌കോററായി. അതേസമയം, ടി.സി.എസ് ബാംഗളൂരിനെ പരാജയപ്പെടുത്തി ഫ്രാഗൊമെന്‍ കൊച്ചി വിജയം കൈവരിച്ചപ്പോള്‍ (സ്‌കോര്‍ 38-56), കൊച്ചി ഫ്രാഗൊമെനിലെ എബിന്‍ വില്‍സണ്‍ (19 പോയിന്റ്) ടോപ്പ് സ്‌കോററായി.

 

 

OTHER SECTIONS