യശസ്വി ജയ്സ്വാൾ ചെറുപ്പകാലത്തെ സച്ചിനെ ഓർമ്മിപ്പിക്കുന്നുവെന്ന് രവി ശാസ്ത്രി; കാരണം....!

രണ്ടാം ഇന്നിങ്‌സിൽ തുടക്കത്തിലേ ഇന്ത്യക്ക് രോഹിത് ശർമയെ (19) നഷ്ടമായിരുന്നു. എന്നാൽ ഇന്ത്യക്ക് കരുത്തായത് യശ്വസി ജയ്‌സ്വാളിന്റെ (104) തകർപ്പൻ പ്രകടനമാണ്

author-image
Greeshma Rakesh
New Update
യശസ്വി ജയ്സ്വാൾ ചെറുപ്പകാലത്തെ സച്ചിനെ ഓർമ്മിപ്പിക്കുന്നുവെന്ന് രവി ശാസ്ത്രി; കാരണം....!

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ മുന്നേറുകയാണ് ഇന്ത്യ. മൂന്നാം ദിനം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 196 റൺസെന്ന മികച്ച നിലയിലാണ് ഇന്ത്യയുടെ കുതിപ്പ്. നിലവിൽ 322 റൺസിന്റെ ലീഡും ഇന്ത്യക്കുണ്ട്. നാലാം ദിനം ഉച്ചക്ക് മുമ്പ് ലീഡ് 400 കടത്തി ഇംഗ്ലണ്ടിനെ ഇന്ത്യ ബാറ്റിങ്ങിന് ക്ഷണിക്കാനാണ് സാധ്യത. രണ്ടാം ഇന്നിങ്‌സിൽ തുടക്കത്തിലേ ഇന്ത്യക്ക് രോഹിത് ശർമയെ (19) നഷ്ടമായിരുന്നു. എന്നാൽ ഇന്ത്യക്ക് കരുത്തായത് യശ്വസി ജയ്‌സ്വാളിന്റെ (104) തകർപ്പൻ പ്രകടനമാണ്.

133 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉൾപ്പെടെ അടിച്ച് പറത്തിയാണ് ജയ്‌സ്വാൾ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. പരിക്കേറ്റ താരം റിട്ടേർഡ് ഹർട്ടായാണ് മടങ്ങിയത്. 40ലധികം പന്ത് നേരിട്ട് പതിയെ നിലയുറപ്പിച്ച ശേഷമാണ് താരം കടന്നാക്രമിച്ച് സെഞ്ച്വറി നേടിയത്. നിരവധി പ്രമുഖരാണ് ജയ്‌സ്വാളിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജയ്‌സ്വാളിനെ സൗരവ് ഗാംഗുലിയുമായാണ് പലരും താരതമ്യം ചെയ്യുന്നത്. എന്നാൽ ജയ്‌സ്വാൾ ഓർമിപ്പിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറെയാണെന്നാണ് രവി ശാസ്ത്രി പറയുന്നത്.

 

'ജയ്‌സ്വാൾ രണ്ടാം ഇന്നിങ്‌സിൽ അവസരത്തിനൊത്ത് ഉയർന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ബാറ്റുകൊണ്ട് മാത്രമല്ല ഫീൽഡിങ്ങുകൊണ്ടും അവൻ തിളങ്ങി. രോഹിത്തിന് പാർട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാൻ സാധിക്കുന്ന താരമാണ് ജയ്‌സ്വാൾ. അവന്റെ പ്രകടനം എന്നെ ഓർമിപ്പിക്കുന്നത് യുവ സച്ചിൻ ടെണ്ടുൽക്കറെയാണ്. എപ്പോഴും അദ്ദേഹം കളത്തിൽ തിരക്കിലായിരുന്നു. നിങ്ങൾ നിങ്ങളെ വിശ്വസിച്ചാൽ ഒരു പ്രതീക്ഷയുണ്ടാവും. അന്നും അസാധ്യമല്ല എന്നതിന്റെ ഉദാഹരണമാണ് അവൻ' രവി ശാസ്ത്രി പറഞ്ഞു.

 

സച്ചിൻ യുവതാരമായിരുന്നപ്പോൾ എങ്ങനെയായിരുന്നോ ടീമിനായി കഠിനാധ്വാനം ചെയ്തത് അങ്ങനെയാണ് ഇപ്പോൾ ജയ്‌സ്വാൾ ടീമിനായി ചെയ്യുന്നതെന്നും ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ ശൈലിക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജയ്‌സ്വാളിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരെ കടന്നാക്രമിച്ചാണ് ജയ്‌സ്വാൾ കളിച്ചത്. ഭയമില്ലാതെ ബാറ്റുചെയ്യാൻ ജയ്‌സ്വാളിന് സാധിക്കുന്നു. ആദ്യ ഇന്നിങ്‌സിൽ താരം നിരാശപ്പെടുത്തിയാണ് പുറത്തായത്.

ഇതിന് മറുപടി നൽകാൻ രണ്ടാം ഇന്നിങ്‌സിലൂടെ താരത്തിന് സാധിക്കുന്നുണ്ട്. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ഓപ്പണറെന്ന നിലയിൽ വേരുറപ്പിക്കാൻ ജയ്‌സ്വാളിന് കഴിയുന്നു. വിദേശ മൈതാനത്തെ താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടാൽ ടീമിനൊപ്പം വലിയ കരിയർ സൃഷ്ടിച്ചെടുക്കാൻ ജയ്‌സ്വാളിനായേക്കും. ഇന്ത്യ ഏറെ നാളുകളായി മികച്ച ഇടം കൈയൻ ഓപ്പണറെ തേടുകയായിരുന്നു. ഇപ്പോൾ മൂന്ന് ഫോർമാറ്റിലും പരിഗണിക്കാൻ സാധിക്കുന്ന ഓപ്പണറെ ലഭിച്ചിരിക്കുകയാണ്.

 

ആദ്യ ഇന്നിങ്‌സിൽ ഡെക്കായ ശുബ്മാൻ ഗിൽ രണ്ടാം ഇന്നിങ്‌സിൽ 65 റൺസോടെ ക്രീസിൽ തുടരുന്നുണ്ട്. രജത് പാട്ടീധാർ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. നിലവിൽ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റിൽ. നിലവിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ആർ അശ്വിന്റെ അഭാവത്തിലും അവസരത്തിനൊത്തുയർന്ന ബൗളർമാർക്കാണ് കൈയടിക്കേണ്ടത്. നാല് വിക്കറ്റുമായി മുന്നിൽ നിന്ന് നയിച്ച മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ 319 എന്ന സ്‌കോറിലേക്കൊതുക്കിയത്. രണ്ട് വിക്കറ്റിന് 209 എന്ന മികച്ച നിലയിൽ നിന്നാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്.

 

ബെൻ ഡക്കറ്റിന്റെ (153) സെഞ്ച്വറി പ്രകടനമാണ് വൻ തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഒന്നാം ഇന്നിങ്‌സിൽ 445 റൺസ് നേടിയ ഇന്ത്യക്ക് 126 റൺസിന്റെ ലീഡ് നേടിയെടുക്കാനും സാധിച്ചു. നാലാം ദിനം അതിവേഗത്തിൽ റൺസുയർത്തുകയെന്നതാവും ഇന്ത്യയുടെ പദ്ധതി. സർഫറാസ് ഖാന്റെ ബാറ്റിങ്ങിൽ ഇന്ത്യ പ്രതീക്ഷവെക്കുന്നു. അതിവേഗത്തിൽ റൺസുയർത്താൻ സർഫറാസിന് സാധിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്‌സിലും ഇത് ആവർത്തിക്കാൻ അദ്ദേഹത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

sachin tendulkar Yashasvi Jaiswal Ravi Shastri rajkott test IND VS ENG