'വിനിഷ്യസ് റയല്‍ മാഡ്രിഡില്‍ തുടരും, താരം എവിടേക്കും പോകില്ല': കോച്ച് കാര്‍ലോ ആഞ്ചലോട്ടി

By Priya .25 05 2023

imran-azhar

 


മാഡ്രിഡ്: പലതവണ വംശീയാധിക്ഷേപത്തിന് വിധേയന്‍ ആകുന്നുണ്ടെങ്കിലും വിനിഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി.

 

വിനിഷ്യസ് റയലിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടെന്നും താരം എവിടേക്കും പോകില്ലെന്നും ആഞ്ചലോട്ടി പറഞ്ഞു.വലന്‍സിയക്കെതിരായ മത്സരത്തിനിടെയാണ് വിനിഷ്യസിനെ കുരങ്ങന്‍ എന്ന് വിളിച്ച്
അധിക്ഷേപിച്ചത്.

 

ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച വിനിഷ്യസ് ലാ ലീഗ വിട്ടുപോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് ആഞ്ചലോട്ടി വിശദീകരണവുമായി രംഗത്ത് എത്തിയത്.

 

 

തനിക്കെതിരായ മോശം പെരുമാറ്റം തുടര്‍ച്ചയായി സംഭവിച്ചിട്ടും ലാ ലീഗ അധികൃതര്‍ ഗൗരവത്തോടെ ഇടപെടുന്നില്ലെന്നാണ് വിനിഷ്യസിന്റെ പരാതി.പ്രതിഷേധിച്ചുകൊണ്ട് വിനീഷ്യസ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പുറത്തുവിട്ടിരുന്നു.

 

 

''റൊണാള്‍ഡീഞ്ഞോയുടെയും മെസിയുടെയും റൊണാള്‍ഡോയുടേയുമൊക്കെ പേരില്‍ അറിയപ്പെട്ടിരുന്ന ലീഗ് ഇപ്പോള്‍ വംശവെറിയന്മാരുടേതാണ്. ഇത് ഒന്നാമത്തെയോ, രണ്ടാമത്തെയോ, മൂന്നാമത്തെയോ തവണയല്ല താന്‍ വംശീയ പരാമര്‍ശങ്ങള്‍ക്ക് ഇരയാവുന്നത്.

 

ലാലീഗയില്‍ ഇത് പതിവ് സംഭവമാണ്. ആരും എതിര്‍ക്കുന്നില്ല.എതിരാളികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. താന്‍ ഇഷ്ടപ്പെടുന്ന, തന്നെ സ്വാഗതം ചെയ്ത സ്‌പെയിന്റെ മണ്ണ് ഇപ്പോള്‍ വംശവെറിയന്മാരുടേതാണ്.

 

സ്പാനിഷ് ജനതയ്ക്ക് താന്‍ പറയുന്നത് വിഷമമുണ്ടാക്കുമെങ്കിലും യാഥാര്‍ഥ്യം പറയാതെ വയ്യ. ബ്രസീലില്‍ സ്‌പെയിന്‍ എന്നാല്‍ വംശവെറിയന്മാരുടെ രാഷ്ട്രമാണ്.'' എന്നുമായിരുന്നു വിനിഷ്യസ് കുറിച്ചത്.

 


റയല്‍ മാഡ്രിഡ് ക്ലബ് വംശീയാധിക്ഷേപത്തിനെതിരെ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്. ക്ലബ് സ്പാനിഷ് അറ്റോര്‍ണി ജനറലിന് പരാതി നല്‍കി. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോ, ബാഴ്‌സ പരിശീലകന്‍ സാവി, നിരവധി മുന്‍താരങ്ങള്‍ തുടങ്ങിയവര്‍ വിനീഷ്യസിന് ഐക്യദാര്‍ഢ്യവുമായി  രംഗത്തെത്തിയിരുന്നു.

 

 

OTHER SECTIONS