/kalakaumudi/media/post_banners/c9931b169573c068702ddc3f47b87ca88caf5c44f4605939912fcbdf2da3a3be.jpg)
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നു. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പന്ത് ഈ ഐപിഎലിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ പന്ത് ഫെബ്രുവരിയോടെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇറങ്ങുമെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
വിക്കറ്റ് കീപ്പറായി പന്ത് കളത്തിലുണ്ടാകുമോയെന്നു നിശ്ചയമില്ലെങ്കിലും താരത്തിന്റെ തിരിച്ചുവരവ് ഉറപ്പാണെന്ന സൂചനയാണ് ടീം വൃത്തങ്ങള്‍ നല്‍കുന്നത്.
2022 ഡിസംബര്‍ 30ന് അമ്മയെ കാണാന്‍ ജന്മസ്ഥലമായ റൂര്‍ക്കിയിലേക്കു പോകുംവഴി ഹരിദ്വാര്‍ ജില്ലയിലെ മാംഗല്ലൂരില്‍ വച്ചാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡല്‍ഹി ഡെറാഡൂണ്‍ അതിവേഗ പാതയില്‍ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറുകയുമായിരുന്നു. കാല്‍മുട്ടിലെ 3 ലിഗമെന്റുകള്‍ക്കു ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത് ചികില്‍സകള്‍ക്കു ശേഷം റിക്കവറി ട്രീറ്റ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.
നവംബറില്‍, ഡല്‍ഹി ടീമിന്റെ കളിക്കാരെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പന്ത് പങ്കെടുത്തിരുന്നു. ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി, ഹെഡ് കോച്ച് റിക്കി പോണ്ടിങ്, സഹപരിശീലകന്‍ പ്രവീണ്‍ ആമ്രെ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് പന്തും പങ്കെടുത്തത്.