കളിക്കാനിറങ്ങുന്നത് രാഹുലോ അതോ ഗില്ലോ? കഴിവുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് രോഹിത് ശര്‍മ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഇന്‍ഡോറില്‍ ആരംഭിക്കാനിരിക്കെ കെല്‍ രാഹുലിനെ ഒഴിവാക്കണമെന്ന അഭിപ്രായവുമായി മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്ത്.

author-image
Priya
New Update
കളിക്കാനിറങ്ങുന്നത് രാഹുലോ അതോ ഗില്ലോ?  കഴിവുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് രോഹിത് ശര്‍മ

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഇന്‍ഡോറില്‍ ആരംഭിക്കാനിരിക്കെ കെല്‍ രാഹുലിനെ ഒഴിവാക്കണമെന്ന അഭിപ്രായവുമായി മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്ത്.

ആദ്യ രണ്ട് ടെസ്റ്റിന്റെ നാല് ഇന്നിങ്‌സിലും രാഹുല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രാഹുലിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

രാഹുലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് രോഹിത് പറഞ്ഞു. കഴിവുള്ള താരങ്ങള്‍ക്ക് ആവശ്യത്തിന് അവസരം നല്‍കുമെന്നും രോഹിത് വ്യക്തമാക്കി.

മൂന്നാം ടെസ്റ്റിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് രാഹുലിനെ പിന്തുണച്ചത്.'താരങ്ങള്‍ ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ കടന്നു പോകും. കഴിവുള്ളവര്‍ക്ക് മികവിലെത്താന്‍ ആവശ്യത്തിന് സമയം അനുവദിക്കും.

അത് വൈസ് ക്യാപ്റ്റന്‍ ആണോ അല്ലയോ എന്നൊന്നും നോക്കിയല്ല. രാഹുല്‍ ടീമിലെ മുതിര്‍ന്ന താരമാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയത് പ്രത്യേകിച്ച് ഒരു കാര്യവും ഉദ്ദേശിച്ചിട്ടല്ല.'

'രാഹുലും ഗില്ലും എല്ലാ മത്സരങ്ങള്‍ക്ക് മുന്‍പ് മണിക്കൂറുകളോളം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാറുണ്ട്. അന്തിമ ഇലവന്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. മൂന്നാം ടെസ്റ്റില്‍ ആരൊക്കെ ഉണ്ടാകണമെന്ന് ടോസിന് തൊട്ടുമുന്‍പ് മാത്രമായിരിക്കും പ്രഖ്യാപിക്കുക'- രോഹിത് വ്യക്തമാക്കി.

രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കണമെന്നാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ താരം ആകാശ് ചോപ്ര ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടതിന് പിന്നാലെയാണ് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു നീക്കിയത്. മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഒരു താരത്തെയും നിയോഗിച്ചിട്ടില്ല.

 

rohit sharma k l rahul gill