സൗദി പ്രോ ലീഗ്; വിജയഗോളുമായി റൊണാള്‍ഡോ, കിരീടപ്രതീക്ഷ കാത്ത് അല്‍ നസ്ര്

By Greeshma Rakesh.24 05 2023

imran-azhar

 


റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനെ രക്ഷിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗിലെ നിര്‍ണായക മത്സരത്തില്‍ അല്‍ ഷബാബിനെതിരേ അല്‍ നസ്റിനായി വിജയഗോള്‍ നേടിക്കൊടുത്ത് വീണ്ടും ആരാധകരുടെ
മനം കവര്‍ന്നിരിക്കുകയാണ് റൊണാള്‍ഡോ. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.

 

ഒരു ഘട്ടത്തില്‍ 2-0 ന് പിന്നില്‍ നിന്ന അല്‍ നസ്ര് മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 25-ാം മിനിറ്റിലും 40-ാം മിനിറ്റിലും ഗോളടിച്ച് ക്രിസ്റ്റ്യന്‍ ഗ്വാന്‍സ അല്‍ ഷബാബിന് 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ 44-ാം മിനിറ്റില്‍ ടലിസ്‌ക അല്‍ നസ്റിനായി ഒരു ഗോള്‍ മടക്കി.

 

രണ്ടാം പകുതിയില്‍ അബ്ദുല്‍റഹ്മാന്‍ ഖരീബ് 51-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ അല്‍ നസ്ര് മത്സരത്തില്‍ സമനില നേടി.പിന്നീട് എട്ട് മിനിറ്റുകള്‍ക്ക് ശേഷം റൊണാള്‍ഡോയുടെ ഉഗ്രന്‍ ഗോള്‍ പിറന്നു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സൂപ്പര്‍താരം എതിരാളികളെ കബിളിപ്പിച്ച് ഗോള്‍വല കുലുക്കി. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിന്റെ വലത്തേമൂലയില്‍ തുളച്ചുകയറി. ഈ ഗോളിന്റെ ബലത്തില്‍ അല്‍ നസ്ര് വിജയം സ്വന്തമാക്കി.

 


ഈ വിജയത്തോടെ ക്ലബ് കിരീടപ്രതീക്ഷ സജീവമാക്കി. സൗദി പ്രോ ലീഗില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് അല്‍ നസ്റിന് ശേഷിക്കുന്നത്. നിലവില്‍ 28 മത്സരങ്ങളില്‍ നിന്ന് 63 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 66 പോയന്റുള്ള അല്‍ ഇത്തിഹാദാണ് ഒന്നാമത്.

 

അടുത്ത രണ്ട് മത്സരഫലങ്ങള്‍ കിരീടജേതാവിനെ നിര്‍ണയിക്കും. റൊണാള്‍ഡോ സൗദി പ്രോ ലീഗിന്റെ ഈ സീസണില്‍ അല്‍ നസ്റിനുവേണ്ടി റൊണാള്‍ഡോ നേടുന്ന 14-ാം ഗോളാണിത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ താരം അഞ്ചാമതാണ്.

 

OTHER SECTIONS