ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ തെരുവില്‍ ഗ്രാമീണര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സച്ചിനാണ് ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 'ക്രിക്കറ്റും കശ്മീരും, സ്വര്‍ഗത്തിലെ മത്സരം' എന്നാണു വിഡിയോയ്ക്കു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും മകള്‍ സാറ തെന്‍ഡുല്‍ക്കറും ഒപ്പമുണ്ട്.
തെരുവിലൂടെ നടക്കുമ്പോള്‍ സച്ചിന്‍ കളിക്കാന്‍ കൂടിക്കോട്ടെയെന്ന് ആളുകളോട് ചോദിക്കുന്നുണ്ട്. ശേഷം ബാറ്റ് എടുത്ത് ഏതാനും പന്തുകള്‍ താരം നേരിട്ടു. ബാറ്റിങ്ങിനിടെ ആരാധകര്‍ക്കായി സച്ചിന്‍ അധികം പരീക്ഷിക്കാത്ത അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളും പായിച്ചു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയും പകര്‍ത്തിയ ശേഷമായിരുന്നു സച്ചിന്‍ മടങ്ങിയത്.