/kalakaumudi/media/post_banners/7405613a945d1d1da3802c1ecb764f692bdab236e2529175dec697eaebb2aeaa.jpg)
കൊല്‍ക്കത്തയ്‌ക്കെതിരെ അവരുടെ തട്ടകത്തിലെത്തി 9 വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍. ബാറ്റിംഗായിരുന്നു രാജസ്ഥാന്‍ അവിശ്വനീയ വിജയം സമ്മാനിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിന്‍ബലത്തിലാണ് രാജസ്ഥാന്‍, രാജകീയ വിജയം കൈപ്പിടിയിലൊതുക്കിയത്.
രാജസ്ഥാന്‍ റോയല്‍സ് വിജയത്തോട് അടുക്കുമ്പോള്‍ സഞ്ജു സാംസണ്‍ എടുത്തൊരു തീരുമാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
13-ാം ഓവറില്‍ സ്പിന്നര്‍ സുയാഷ് ശര്‍മ്മ പന്തെറിയാനെത്തുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് 10 റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അതേസമയം യശസ്വി ജയ്സ്വാളിന് സെഞ്ചുറി തികയ്ക്കാന്‍ വേണ്ടത് 11 റണ്‍സും.
ഓവറിലെ ആദ്യ ബോളില്‍ ജയ്സ്വാള്‍ ഒരു ബൈ റണ്‍ ഓടിയെടുത്തപ്പോള്‍ രണ്ടാം പന്തില്‍ സഞ്ജു സിംഗിള്‍ എടുത്ത് നല്‍കി. മൂന്നാം പന്തില്‍ ജയ്സ്വാളിന്റെ വക സ്വീപ് ഫോര്‍ പിറന്നു. നാലാം പന്ത് ഗൂഗ്ലിയായി വന്നപ്പോള്‍ ബാറ്റില്‍ കൊള്ളിക്കാന്‍ യശസ്വിക്കായില്ല. അഞ്ചാം പന്തില്‍ ജയ്സ്വാളിന് ഒരു റണ്ണേ നേടാനായുള്ളൂ.
ഇതിന് ശേഷമായിരുന്നു നാടകീയമായ ആ സംഭവം. ആറാം പന്തില്‍ സുയാഷ് ശര്‍മ്മ ലെഗ് സൈലില്‍ വൈഡ് ഫോര്‍ എറിഞ്ഞ് മത്സരം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടു. ജയ്സ്വാളിന്റെ സെഞ്ചുറിയും സഞ്ജുവിന്റെ ഫിഫ്റ്റിയുടെ പ്രതിരോധിക്കാനുള്ള തന്ത്രം.
എന്നാല്‍ ലെഗ് സ്റ്റംപിലേക്ക് ഇറങ്ങിക്കളിച്ച സഞ്ജു സാഹസികമായി പന്ത് മുട്ടിയിട്ട് ആ ശ്രമം തകര്‍ത്തു. എന്നിട്ട് സിക്സോടെ മത്സരം ഫിനിഷ് ചെയ്യാന്‍ ജയ്സ്വാളിനോട് ആംഗ്യം കാട്ടി സഞ്ജു സാംസണ്‍.
പേസര്‍ ഷര്‍ദുല്‍ ഠാക്കൂര്‍ 14-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 94 റണ്‍സായിരുന്നു ജയ്സ്വാളിനുണ്ടായിരുന്നത്. സഞ്ജു മനസില്‍ കണ്ടത് പോലെ സിക്സ് നേടിയാല്‍ ജയ്സ്വാളിന് സെഞ്ചുറിയോടെ രാജസ്ഥാന് വിജയം സമ്മാനിക്കാനാകുമായിരുന്ന നിമിഷം. എന്നാല്‍ താക്കൂറിന്റെ വൈഡ് യോര്‍ക്കറില്‍ ഫോറോടെ മത്സരം ഫിനിഷ് ചെയ്യാനേയായുള്ളൂ യശസ്വി ജയ്സ്വാളിന്. ജയ്സ്വാളിന് സെഞ്ചുറി തികയ്ക്കാനായില്ല എന്ന് മാത്രമല്ല, സഞ്ജുവിന് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാനും ഇതോടെ കഴിഞ്ഞില്ല.
വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കേ അനായാസം അര്‍ധ സെഞ്ചുറിയെടുക്കാന്‍ അവസരമുണ്ടായിട്ടും സുയാഷിന്റെ പന്ത് ഡോട് ബോളാക്കി സീസണില്‍ ജയ്സ്വാളിന്റെ രണ്ടാം സെഞ്ചുറിക്കായി എല്ലാ പരിശ്രമവും നടത്തിയ സഞ്ജുവിന് പ്രശംസയുമായി ആരാധകര്‍ ഇതോടെ രംഗത്തെത്തി.
മത്സരം രാജസ്ഥാന്‍ റോയല്‍സ് 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയിച്ചപ്പോള്‍ ജയ്സ്വാള്‍ 47 പന്തില്‍ 98* ഉം സഞ്ജു 29 ബോളില്‍ 48* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.