/kalakaumudi/media/post_banners/5241b801181a4d4dc8c2e4af71b337bb9ee29ec8b6c936912c2fe1e9af687ddf.jpg)
മുംബൈ: വെസ്റ്റിന്‍ഡീസിന് എതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചതോടെ സഞ്ജു സാംസണ് ലോകകപ്പ് ടീമിലേക്കുള്ള വഴി തെളിഞ്ഞു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം അനായാസമാകും.
ഏഷ്യാ കപ്പ് ടീമിലേക്കും സഞ്ജുവിന് പരിഗണന ലഭിക്കും. ലോകകപ്പ് ആകുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു പരുക്കുമാറി തിരിച്ചുവരാന്‍ കഴിയുമോയെന്ന് വ്യക്തമല്ല.
ഋഷഭ് പന്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഋഷഭ് പന്തിന്റെ അഭാവമാണ് സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 മത്സരത്തില്‍ പരുക്കേറ്റു പുറത്തായ ശേഷം സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരകളില്‍ സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 360 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പരുക്കേറ്റതിനാല്‍ വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഇടം ഉറപ്പാണ്.
മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് സഞ്ജുവിനു മുന്നില്‍ വെല്ലുവിളിയായുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ പരിഗണിക്കാനാണു സാധ്യത.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാര്‍ദൂല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.