/kalakaumudi/media/post_banners/ab98135f0081170747cbeed21ce012479ceae520127615adf721a1c481b78bb6.jpg)
ബാംഗ്ലൂര്‍: രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ക്ക് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മുന്നറിയിപ്പ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഏഴ് റണ്‍സിന്റെ തോല്‍വി നേരിട്ടതിനു പിന്നാലെയാണ് സഞ്ജുവിന്റെ താക്കീത് എത്തിയത്. പരാജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെയും ഇപ്പോള്‍ ബംഗ്ലൂരിനെതിരെയും ജയിക്കാമായിരുന്ന കളിയാണ് രാജസ്ഥാന്‍ കൈവിട്ടത്. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും വിനയാനിത്വരായിരിക്കുക എന്നതാണ് നമ്മുടെ ടീമിന്റെ പ്രത്യേകത. അത് നല്ല പ്രകടനം നടത്തുമ്പോഴും മോശം പ്രകടനം നടത്തുമ്പോഴും അങ്ങനെ തന്നെയാണ്. നമ്മള്‍ സ്വയം വിശ്വസിച്ചും പരസ്പരം വിശ്വസിച്ചുമാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ തോല്‍വിയില്‍ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടാനില്ല.
അതാണ് ഈ ടീമിനകത്ത് നമ്മള്‍ തുടരുന്ന നിയമം. ആരും അവരവരുടെ സ്ഥാനം സുരക്ഷിതമാക്കാനല്ല കളിക്കുന്നത് എന്ന് ഞാന്‍ വിശ്വിസിക്കുന്നു. ഓരോ തവണയും നമ്മള്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ടീമിനുവേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, നമ്മളാരും വ്യക്തിഗത നേട്ടത്തിനല്ല, ടീമിനുവേണ്ടിയാണ് കളിക്കേണ്ടത്-സഞ്ജു പറഞ്ഞു.
മത്സരത്തില്‍ ജോസ് ബട്ലറെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. എന്നാല്‍, യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് രാജസ്ഥാന് നല്ല തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും അര്‍ധസെഞ്ചുറികളും നേടി.
എന്നാല്‍, ദേവ്ദത്ത് പുറത്തായ ശേഷം അര്‍ധസെഞ്ച്വറിയോട് അടുക്കുമ്പോള്‍ യശസ്വി ജയ്‌സ്വാളിന്റെ മന്ദഗതി രാജസ്ഥാന്‍ റണ്‍റേറ്റിനെ ബാധിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ യശസ്വി പുറത്താവുകയും ചെയ്തു.
ഫിനിഷറായി ഇറങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ താളം കണ്ടെത്താന്‍ പാടുപെട്ടു. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് എടുക്കാനായത്. തുടര്‍ന്ന്, പുറത്താകുകയും ചെയ്തു, ഇതെല്ലാം രാജസ്ഥാന്റെ ജയസാധ്യത ഇല്ലാതാക്കി.
സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്താകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടീം അംഗങ്ങള്‍ക്ക് സഞ്ജു മുന്നറിയിപ്പ് നല്‍കിയത്.