ഞെട്ടിച്ചു; പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ

ലക്‌നൗവില്‍ ഒരുക്കിയ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ.

author-image
Shyma Mohan
New Update
ഞെട്ടിച്ചു; പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ

ലക്‌നൗ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വിന്റി20യില്‍ ലക്‌നൗവില്‍ ഒരുക്കിയ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അവസാന ഓവര്‍ വരെ വിജയിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മത്സരശേഷം ഹാര്‍ദിക് പറഞ്ഞു.

അവസാന നിമിഷം വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ ജയം അല്‍പം താമസിച്ചുപോയി. സമ്മര്‍ദ്ദഘട്ടത്തില്‍ പതറാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ് നിര്‍ണായകമായത്. സത്യസന്ധമായി പറഞ്ഞാല്‍ പിച്ച് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ട്വിന്റി20 ക്രിക്കറ്റിന് യോജിച്ച വിക്കറ്റായിരുന്നില്ല.

വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ ഈ പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ട് പിച്ചുകളും ട്വിന്റി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല. പിച്ചൊരുക്കുന്നതില്‍ ക്യൂറേറ്റര്‍മാര്‍ക്ക് എവിടെയോ പിഴവ് പറ്റിയിട്ടുണ്ട്. ഒരുപക്ഷെ വളരെ നേരത്തെ തയാറാക്കിയ പിച്ചായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും ഹാര്‍ദിക് പറഞ്ഞു.
പന്ത് പലപ്പോഴും അപ്രതീക്ഷിതമായി കുത്തി ഉയരുകയും ചെയ്തു. ശരിക്കും ഞെട്ടിച്ച വിക്കറ്റായിരുന്നു ലക്‌നൗവിലേതെന്നും ഹാര്‍ദിക് പാണ്ഡ്യ അഭിപ്രായപ്പെട്ടു.

India Vs New Zealand T20 series Hardik Pandya