/kalakaumudi/media/post_banners/9a7d11991fad33bf07bea1d39c8318000780590f0116c2e0497cca9ec4f8ff22.jpg)
പുനെ: ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് 14.3 ഓവര്‍ ബാക്കിനില്‍ക്കെ വെറും 167 റണ്‍സിന് എല്ലാവരും ഔട്ടായി.
നാലു വിക്കറ്റ് നേടിയ കേശവ് മഹാരാജ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ ചേര്‍ന്നാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തെറിഞ്ഞത്.
ദക്ഷിണാഫ്രിക്ക ഏഴു മത്സരങ്ങളില്‍ നിന്ന് ആറു വിജയവുമായി 12 പോയിന്റോടെ ഒന്നാം സ്ഥാനത്തായി. ഇന്ത്യയ്ക്കും 12 പോയിന്റാണുള്ളത്. എന്നാല്‍, റണ്‍ ശരാശരിയില്‍ മുന്നിലായതോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്.
അര്‍ധസെഞ്ചറി നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട ഫിലിപ്‌സ് നാലു വീതം സിക്‌സും ഫോറും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്.
ടൂര്‍ണമെന്റിലെ നാലാം സെഞ്ചറി നേടിയ ക്വിന്റന്‍ ഡികോക്കിന്റേയും (116 പന്തില്‍ 114), രണ്ടാം സെഞ്ചറി കണ്ടെത്തിയ റസ്സീ വാന്‍ഡര്‍ ദസ്സന്റേയും (118 പന്തില്‍ 133) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 116 പന്തു നേരിട്ട ഡികോക്ക് 3 സിക്‌സിന്റേയും 10 ഫോറിന്റേയും അകമ്പടിയോടെയാണ് 114 റണ്‍സ് നേടിയത്.