ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി സൗത്ത് ആഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തി.ദക്ഷിണാഫ്രിക്കൻ ടീമാണ് തിരുവനതപുരത്ത് ആദ്യമെത്തിയത്.അഫ്ഗാനിസ്ഥാൻ ടീം 26നും ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ 28നും ന്യൂസീലൻഡ് 30നും തിരുവനന്തപുരത്ത് എത്തും. ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ ടീം എത്തുക.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ കോവളം ലീല റാവിസ് ഹോട്ടലിലും ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഹയാത്ത് റീജൻസിയിലും നെതർലൻഡ്സ് താജ് വിവാന്റയിലുമാണ് താമസിക്കുക. 29 ന് ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ, 30ന് ഓസ്ട്രേലിയ - നെതർലൻഡ്സ്, ഒക്ടോബർ 2 ന് ന്യൂസീലൻഡ് - ദക്ഷിണാഫ്രിക്ക, 3ന് ഇന്ത്യ - നെതർലൻഡ്സ് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
ടീമുകൾ 26 മുതൽ പരിശീലനത്തിന് ഇറങ്ങും. ഇന്ത്യൻ ടീമിന്റെ പരിശീലനം ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ്. സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന ദിവസങ്ങളിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാവും മറ്റു ടീമുകളുടെ പരിശീലനം.
മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ഗാലറിയിലെ താഴത്തെ തട്ടിൽ 900 രൂപയും മുകൾ തട്ടിൽ 300 രൂപയുമാണു ടിക്കറ്റ് നിരക്ക്.