/kalakaumudi/media/post_banners/59e092ec71a226bcf4a0687995e4208e51a3cd1d7214dbf67336d1c60b151ab3.jpg)
മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 34-ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണു താരം വിരമിക്കാന്‍ തീരുമാനിച്ചത്. വിരമിക്കലിന് ശേഷം വ്യത്യസ്തമായ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് താരത്തിന്റെ തീരുമാനം.
2019ല്‍ റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. 2021 ല്‍ ഇംഗ്ലണ്ടിനെതിരെയും കളിച്ചിരുന്നു. ജാര്‍ഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റില്‍ 20 വര്‍ഷത്തോളം കളിച്ച താരം, 140 മത്സരങ്ങളില്‍നിന്നായി 542 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
2015-16, 2016-17 രഞ്ജി സീസണുകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് ഷഹബാസ്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
''സിലക്ടര്‍മാരുടെ മുന്നില്‍ ഇപ്പോള്‍ ഞാനില്ല. യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. എനിക്ക് ഇനിയും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായി.'' ഷഹബാസ് നദീം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
''ഇന്ത്യന്‍ ടീമില്‍നിന്നു വിരമിച്ച ശേഷം വ്യത്യസ്തമായ ക്രിക്കറ്റ് ലീഗുകളില്‍ ഭാഗ്യപരീക്ഷണം നടത്താനാണ് എന്റെ തീരുമാനം. ഇതാണു ശരിയായ സമയം. വ്യക്തിപരമായ റെക്കോര്‍ഡുകള്‍ക്കു വേണ്ടി സംസ്ഥാന ടീമില്‍ കളിക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യന്‍ ടീമിനായി കുറച്ചു ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ട്.'' ഷഹബാസ് നദീം വ്യക്തമാക്കി.