/kalakaumudi/media/post_banners/0cdb78a5d76155cfbf956d78cb40933817d0da6314ab7f1c2f7eaf47d8106658.jpg)
കൊളംബോ: ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പ് മത്സരത്തില്‍ തിളങ്ങുന്ന വിജയം. അവസാന നിമിഷം വരെ പോരാടിയാണ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 2 വിക്കറ്റ് ജയവുമായി ലങ്ക ഫൈനലില്‍ കടന്നത്.
പാക്കിസ്ഥാന്‍ 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. ശ്രീലങ്ക42 ഓവറില്‍ 8 ന് 252 റണ്‍സാണ് എടുത്തത്. മഴ മൂലം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം.
അവസാന ഓവറുകളില്‍ പാക്ക് പേസര്‍മാരോട് പൊരുതിയാണ് ലങ്ക ഫൈനലില്‍ കടന്നത്. കുശാല്‍ മെന്‍ഡിസിന്റെ ഉജ്വല ഇന്നിങ്‌സില്‍ (91) ലങ്ക ജയത്തിലേക്കു മുന്നേറുകയായിരുന്നു. അതിനിടയിലാണ്, പാക്ക് ബോളര്‍മാര്‍ പ്രഹരവുമായി എത്തിയത്.
36ാം ഓവറിലെ ആദ്യ പന്തില്‍ മെന്‍ഡിസിനെയും 37ാം ഓവറില്‍ ദാസുന്‍ ശനകയെയും (2) ഓഫ് സ്പിന്നര്‍ ഇഫ്തിഖര്‍ പുറത്താക്കി.
41ാം ഓവറിന്റെ അവസാന രണ്ടു പന്തുകളില്‍ ധനഞ്ജയ ഡിസില്‍വയെയും (5) ദുനിത് വെല്ലാലഗെയെയും (0) പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദി ലങ്കയെ തകര്‍ത്തു. അവസാന ഓവറില്‍ 2 വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്കു ജയിക്കാന്‍ 8 റണ്‍സ്. 4ാം പന്തില്‍ പ്രമോദ് മധുഷന്‍ (1) റണ്ണൗട്ടായി.
അടുത്ത പന്തില്‍ ചരിത് അസലങ്കയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് തേഡ്മാനിലൂടെ ഫോര്‍. അവസാന പന്ത് ആത്മവിശ്വാസത്തോടെ ഫ്‌ലിക് ചെയ്ത അസലങ്ക വിജയത്തിനു വേണ്ട 2 റണ്‍സ് നേടിയെടുത്തു. അസലങ്ക 49 റണ്‍സുമായി പുറത്താകാതെ നിന്നു. സദീര സമരവിക്രമ 48 റണ്‍സെടുത്തു.
നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 6ാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും (86 നോട്ടൗട്ട്) ഇഫ്തിഖര്‍ അഹമ്മദും (47) ചേര്‍ന്നു പടുത്തുയര്‍ത്തിയ 108 റണ്‍സ് കൂട്ടുകെട്ടാണ് തുണയായത്. ഫഖര്‍ സമാന്‍ (4) പെട്ടെന്നു പുറത്തായെങ്കിലും സഹഓപ്പണര്‍ അബ്ദുല്ല ഷഫീഖും (52) ക്യാപ്റ്റന്‍ ബാബര്‍ അസമും (29) പാക്കിസ്ഥാന് മികച്ച സ്‌കോര്‍ നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
