By Greeshma Rakesh.14 03 2023
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ നയിക്കാന്‍ സ്റ്റീവ് സ്മിത്ത് . നായകന്‍ പാറ്റ് കമ്മിന്‍സ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് സ്മിത്തിന് അവസരം ലഭിച്ചത്.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത് ഫെബ്രുവരി 17 നാണ്. അമ്മയുടെ മരണത്തെത്തുടര്‍ന്ന് കമ്മിന്‍സ് ഓസ്ട്രേലിയയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കമ്മിന്‍സ് കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് വ്യക്തമാക്കി.ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുശേഷമാണ് കമ്മിന്‍സ് അമ്മയുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. ശേഷിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഓസ്ട്രേലിയയെ നയിച്ചത് സ്മിത്താണ്. സ്മിത്ത് നായകനായി സ്ഥാനമേറ്റതോടെ ഓസ്ട്രേലിയ അവസാന രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടില്ല. മൂന്നാം ടെസ്റ്റില്‍ വിജയിച്ച ഓസീസ് നാലാം ടെസ്റ്റില്‍ സമനില വഴങ്ങി.
കമ്മിന്‍സ് കളിക്കാത്തത് ഓസീസ് ബൗളിങ് നിരയ്ക്ക് തിരിച്ചടിയാണ്. പരിക്കുമൂലം ജോഷ് ഹെയ്സല്‍വുഡും ജൈ റിച്ചാര്‍ഡ്സണും ടീമിലില്ല. സീന്‍ അബോട്ടും നതാന്‍ എല്ലിസും മിച്ചല്‍ സ്റ്റാര്‍ക്കുമായിരിക്കും ഓസീസ് പേസ് ബൗളിങ്ങില്‍ അണിനിരക്കുക.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍നസ് ലബൂഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.