സ്റ്റോപ്പ് ക്ലോക്ക് നിയമം ചൊവ്വാഴ്ച മുതല്‍; പരീക്ഷണം ഇന്‍ഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തില്‍

സ്റ്റോപ്പ് ക്ലോക്ക് നിയമം ചൊവ്വാഴ്ച മുതല്‍ നടപ്പാക്കും. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

author-image
anu
New Update
സ്റ്റോപ്പ് ക്ലോക്ക് നിയമം ചൊവ്വാഴ്ച മുതല്‍; പരീക്ഷണം ഇന്‍ഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തില്‍

ദുബായ്: സ്റ്റോപ്പ് ക്ലോക്ക് നിയമം ചൊവ്വാഴ്ച മുതല്‍ നടപ്പാക്കും. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ബോളിങ് ടീമിന് രണ്ട് ഓവറുകള്‍ക്കിടയില്‍ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറയ്ക്കാനുള്ളതാണ് സ്റ്റോപ്പ് ക്ലോക്ക് നിയമം.

ഇതനുസരിച്ച് ഒരു ഓവര്‍ പൂര്‍ത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാന്‍ തയാറാവണം. ഒരു കളിയില്‍ മൂന്നുതവണ ഈ സമയം ലംഘിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് ബോണസായി ലഭിക്കും. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നല്‍കിയ ശേഷമായിരിക്കും 'പിഴ റണ്‍സ്' അനുവദിക്കുക.

ഇരുടീമിനും ജയസാധ്യതയുള്ള കളിയില്‍ ചില ഘട്ടങ്ങളില്‍ ബൗളിങ് ആലോചനകള്‍ക്കും ഫീല്‍ഡിങ് ആസൂത്രണത്തിനുമായി ഏറെ സമയമെടുക്കാറുണ്ട്. അത് തടഞ്ഞ്, മത്സരങ്ങള്‍ക്കിടയിലെ ഇടവേള കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്റ്റോപ്പ് ക്ലോക്ക് കൊണ്ടുവരുന്നത്. നിയമം നടപ്പാക്കുന്നതോടെ ബോളിങ് ടീമിന് കൂടുതല്‍ സമ്മര്‍ദമുണ്ടാകും. നിയമത്തേക്കുറിച്ച് ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയില്‍ത്തന്നെ ഭിന്നാഭിപ്രായമാണുള്ളത്.

പവര്‍പ്ലേ നിയമങ്ങളിലുള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ വന്നതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് നടപ്പാക്കാവുന്ന സാഹചര്യമാണെന്ന് ഐസിസി ജനറല്‍ മാനേജര്‍ വസിം ഖാന്‍ പറഞ്ഞു. പവര്‍പ്ലേ ഓവറുകളില്‍ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കുന്നുള്ളൂ. അടുത്ത ഓവര്‍ ചെയ്യാനുള്ള ആളുകളെ ഇതുപ്രകാരം അനുയോജ്യമായ ഫീല്‍ഡിങ് പൊസിഷനില്‍ കൊണ്ടുവരാം. സ്റ്റോപ്പ് ക്ലോക്ക് നിയമത്തിന്റെ ഗുണദോഷങ്ങള്‍ ട്രയല്‍ പീരിയഡിനു ശേഷം വിലയിരുത്തുമെന്നും വസിം ഖാന്‍ വ്യക്തമാക്കി.

sports news Latest News stop clock trial