ഇത് മധുരപ്രതികാരം; അവസാന പന്തില്‍ ഇന്ത്യയ്ക്ക് 'സിക്‌സര്‍' വിജയം!

By Web Desk.23 11 2023

imran-azhar

 

 


വിശാഖപട്ടണം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 80 റണ്‍സ് നേടി. ത്രില്ലര്‍ മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യത്തില്‍ എത്തിയത്. 2 വിക്കറ്റിനാണ് ലോകകപ്പിനു ശേഷമുള്ള ആദ്യ മത്സത്തില്‍ ഓസ്‌ട്രേലിയയോട് മധുരപ്രതികാരം നടത്തിയത്. ഇഷാന്‍ കിഷന്‍ 58 റണ്‍സ് സ്വന്തമാക്കി.

 

അവസാന ഓവറില്‍ ഏഴു റണ്‍സാണ് വേണ്ടിയിരുന്നത്. അതിനിടെ രണ്ടു വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. എന്നാല്‍, അവസാന പന്തില്‍ സിക്‌സര്‍ പായിച്ച് റിങ്കു സിംഗ് ഇന്ത്യയ്ക്ക് തിളങ്ങുന്ന വിജയം സമ്മാനിച്ചു.

 

നേരത്തെ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ 208 റണ്‍സ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ, നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. ജോഷ് ഇന്‍ഗ്ലിസ് സെഞ്ച്വറി നേടി. ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ചറിയും നേടി.

 

രണ്ടാം വിക്കറ്റില്‍ ജോഷ് ഇന്‍ഗ്ലിസ് സ്റ്റീവ് സ്മിത്ത് സഖ്യം സെഞ്ചറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 67 പന്തില്‍ ഇരുവരും ചേര്‍ന്ന് 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

 

47 പന്തിലാണ് ഇന്‍ഗ്ലിസ് സെഞ്ച്വറി നേടിയത്. ഒന്‍പതു ഫോറും എട്ടു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. സ്മിത്ത് 41 പന്തില്‍ എട്ടു ഫോറുകളോടെ 52 റണ്‍സെടുത്ത് റണ്ണൗട്ടായി.

 

ഓപ്പണര്‍ മാത്യു ഷോര്‍ട്ട് 11 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 13 റണ്‍സെടുത്തു. ടിം ഡേവിഡ് 13 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സോടെയും മാര്‍ക്കസ് സ്റ്റോയ്‌നിസ് ആറു പന്തില്‍ ഏഴു റണ്‍സോെടയും പുറത്താകാതെ നിന്നു.

 

രവി ബിഷ്‌ണോയ് ഒരു വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 50 റണ്‍സും വഴങ്ങി. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 32 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. എന്നാല്‍, വിക്കറ്റൊന്നും ലഭിച്ചില്ല. അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ വഴങ്ങിയത് 41 റണ്‍സ്.

 

 

 

 

OTHER SECTIONS