ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ബാറ്റിങ്; ഓസ്‌ട്രേലിയയ്ക്ക് ഏഴുവിക്കറ്റ് നഷ്ടമായി

By Lekshmi.08 06 2023

imran-azhar

 

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് ഏഴുവിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡ്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍,സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം വീണത്.

 

327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഇന്നിങ്‌സ് പുനരാരംഭിച്ചു. മുഹമ്മദ് സിറാജ് ചെയ്ത രണ്ടാം ദിനത്തിലെ ആദ്യ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിച്ച് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി. താരത്തിന്റെ 31ാം ടെസ്റ്റ് സെഞ്ചുറിയാണിത്. പിന്നാലെ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് 150 റണ്‍സിലെത്തി.

 

ഹെഡും സ്മിത്തും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 350 കടത്തി. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അപകടകരമായി ബാറ്റിങ് നടത്തിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് സിറാജ് ഓസീസിന് തിരിച്ചടി നല്‍കിയത്. സിറാജിന്റെ ഷോര്‍ട്ട് ബോളില്‍ ഷോട്ടിന് ശ്രമിച്ച ഹെഡിന്റെ ഗ്ലൗവില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് പിടിച്ചെടുത്തു. ഇതോടെ താരം പുറത്തായി. 174 പന്തുകളില്‍ നിന്ന് 25 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 163 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. സ്മിത്തിനൊപ്പം നാലാം വിക്കറ്റില്‍ 285 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.

 

പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും താരത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും ആറുറണ്‍സെടുത്ത ഗ്രീനിനെ മുഹമ്മദ് ഷമി ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസ്‌ട്രേലിയ 376 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

 

ഗ്രീനിന് പകരം അലക്‌സ് ക്യാരിയാണ് ക്രീസിലെത്തിയത്. ക്യാരിയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ സ്മിത്തും വീണു. 268 പന്തുകളില്‍ നിന്ന് 121 റണ്‍സെടുത്ത സ്മിത്തിനെ ശാര്‍ദൂല്‍ ഠാക്കൂര്‍ ബൗള്‍ഡാക്കി. സ്മിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതു. 19 ബൗണ്ടറിയാണ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതോടെ ഓസീസ് 387 ന് ആറുവിക്കറ്റ് എന്ന നിലയിലായി. സ്മിത്തിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ക്രീസിലെത്തി.

OTHER SECTIONS